മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ യൂദാസിന്റെ സുവിശേഷം

– മണ്ണിക്കരോട്ട് (www.mannickarotu.net)
Newsimg1_60691594
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, “മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഈ വര്‍ഷത്തെ (2016) മെയ് സമ്മേളനം 15-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ടോം വിരിപ്പിന്റെ ‘യൂദാസിന്റെ സുവിശേഷം’ എന്ന കഥാഖ്യാനം കൂടാതെ ജി. പുത്തന്‍കുരിശ്, ഖലീല്‍ ജിബ്രാന്റെ ‘എ പൊയ്റ്റ്‌സ് വോയ്‌സ്’ എന്ന ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനവും, ജോസ്ഫ് പൊന്നോലി, ജിഷയുടെ കൊലപാതകത്തെ ആസ്പദമാക്കി രചിച്ച ‘പുറമ്പോക്ക്’ എന്ന കുറ്റാന്വേഷണകഥയും, നൈനാന്‍ മാത്തുള്ളയുടെ ‘കൂശനം മലയാളി സമൂഹവും’ എന്ന സാമൂഹ്യ വിമര്‍ശനാത്മക ലേഖനവും അവതരിപ്പിച്ചു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തോടൊപ്പം ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും അവതാരകരെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു. സമ്മേളനത്തിന്റെ തുടക്കമായി ജി. പുത്തന്‍കുരിശ് ഒരു ‘കവിയുടെ ശബ്ദം’ എന്നപേരില്‍ ഖലീല്‍ ജിബ്രാന്റെ ‘എ പൊയ്റ്റ്‌സ് വോയ്‌സ്’ എന്ന ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം ആലപിച്ചു. പുത്തന്‍കുരിശിന്റെ വിവര്‍ത്തന പാടവത്തെ എല്ലാവരും പ്രശംസിച്ചു.

തുടര്‍ന്ന് ടോം വിരിപ്പന്‍ ‘യൂദാസിന്റെ സുവിശേഷം’ എന്ന കഥാഖ്യാനം അവതരിപ്പിച്ചു. ബൈബിളിന്‍ പ്രകാരം യൂദാസ് യേശുവിനെ യെഹൂദാ പ്രമാണികള്‍ക്ക് ഒറ്റിക്കൊടുക്കുകയും തുടര്‍ന്ന് അവര്‍ യേശുവിനെ വിചാരണചെയ്യുകയും കുരിശില്‍ തറയ്ക്കുകയും മൂന്നാം ദിവസം യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്നാണെല്ലോ. യേശുവിനെ കാണിച്ചുകൊടുത്തതു കാരണത്താല്‍ യൂദാസിനെ തികച്ചും ഒരു ദുഷ്ടനും നീചനുമായി ചിത്രീകരിക്കുന്നവര്‍ കുറച്ചല്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവഹിതമാണ് യൂദാസിനെ അത്തരം ഒരു പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചതെന്ന് കഥാരൂപത്തില്‍ ടോം വിരിപ്പന്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, പശ്ചാത്തപിക്കുന്ന യൂദാസിനെ യേശുക്രിസ്തു അനുഗ്രഹിക്കുന്നതായും ടോം എടുത്തുകാണിക്കുന്നുണ്ട്. പ്രസ്തുത കഥയില്‍ യെരുശലേം നഗരത്തെക്കുറിച്ചും അവിടുത്തെ ചില ഗ്രാമപ്രദേശങ്ങളെക്കുറിച്ചും യെഹുദരുടെ ആചാരങ്ങളുമെല്ലാം അദ്ദേഹം വിവരിക്കുന്നു. യൂദാസിലെ ആത്മീയ മൂല്യങ്ങളും ദൈവഹിതം തെളിയിക്കാനുള്ള അവസരങ്ങളും ഭാവനാചിത്രമായി ടോം അവതരിപ്പിക്കുന്നുണ്ട്.

തുടര്‍ന്ന് ജോസഫ് പൊന്നോലി ജിഷയുടെ കൊലപാതുകത്തെ ആസ്പദമാക്കി രചിച്ച ‘പുറമ്പോക്ക്’ എന്ന അന്വേഷണ കഥ അവതരിപ്പിച്ചു. പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളുമായി ഏതോ കൊലയാളിയുടെ അല്ലെങ്കില്‍ കൊലയാളികളുടെ കൊടും ക്രൂരതയ്ക്ക് ഇരയായി അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ജിഷയുടെ കഥനകഥയിലൂടെ പൊന്നോലി കടന്നുപോയി. നിരവധി കുറ്റാന്വേഷണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു വിരമിച്ച ഓഫീസറായ പൊന്നോലിയുടെ ഈ കഥയില്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പാടവം കാണാമായിരുന്നു. ജിഷയുടെ കൊലപാതകത്തെക്കുറിച്ചും അതിന്റെ സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ഈ കഥയിലൂടെ എല്ലാവര്‍ക്കും കഴിഞ്ഞു.

തുടര്‍ന്ന് നൈനാന്‍ മാത്തുള്ള ‘കൂശനും മലയാളി സമൂഹവും’ എന്ന സാമൂഹ്യവിമര്‍ശനാത്മകമായ ലേഖനം അവതരിപ്പിച്ചു. നോഹയുടെ ചെറുമകനാണ് കൂശന്‍. അവനും സന്തതിയും ആഫ്രിക്കന്‍ രാജ്യങ്ങളി ലേക്ക് കുടിയേറി എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അവന്‍ വേണ്ടകാര്യങ്ങള്‍ ആലോചിച്ചു ചെയ്യാഞ്ഞതു കാരണം അവരുടെ ജീവിതം നാശത്തില്‍ കലാശിക്കുകയായിരുന്നു. ആ സന്തതി പരമ്പരയില്‍പെട്ട ഒരു വിഭാഗം അടിമകളായി. മറ്റൊരു വിഭാഗം സഞ്ചാരികളായി ഇന്‍ന്ത്യയില്‍ കുടിയേറി. എന്നാല്‍ അവര്‍ക്ക് വടക്കെ ഇന്‍ന്ത്യയില്‍നിന്ന് പലായനം ചെയ്ത് ദ്രാവിഡരായി തെക്കെ ഇന്‍ന്ത്യയില്‍ കുടിയേറികയും ചെയ്യേണ്ടിവന്നു. അതിന്റെ സന്തതി പരമ്പരയില്‍പെട്ട മലയാളികളും വേണ്ടകാര്യങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടതുപോലെ ചെയ്യാത്ത വരായി തീര്‍ന്നിരിക്കുകയാണ്. അതിന്റെ അനന്തര ഫലങ്ങളാണ് മലയാളികള്‍ എവിടൊക്കെ ഉണ്ടോ അവിടെ യെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതില്‍ അമേരിക്കയിലെ മലയാളികളും വിഭിന്നമല്ല എന്ന് സമര്‍ത്ഥിക്കികയാണ് മാത്തുള്ളയുടെ ലേഖനം. അതിന് ഉപോല്‍ബലകമായ വസ്തുതകളെല്ലാം അദ്ദേഹം നിരത്തിവയ്ക്കുന്നുണ്ട്.

തുടര്‍ന്നുള്ള പൊതുചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോസഫ് തച്ചാറ, ജോര്‍ജ് ഏബ്രഹാം, സജി പുല്ലാട്, തോമസ് തയ്യില്‍, ജി. പുത്തന്‍കുരിശ്, ജോസഫ് പൊന്നോലി, ദേവരാജ് കാരാവള്ളില്‍, തോമസ് വര്‍ഗ്ഗീസ്, ടോം വിരിപ്പന്‍, നൈനാന്‍ മാത്തുള്ള, കുര്യന്‍ മ്യാലില്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.
അടുത്ത സമ്മേളനം ജൂണ്‍ 5-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.