മലയാള സിനിമക്ക് വേര്‍പാടിന്റെ വര്‍ഷം 3 മാസത്തിനുള്ളില്‍ നഷ്ടമായത് 13 പേരെ

26-03-2016
jishnu-raghavan-passed-away-25-1458890241
കെ.പി വൈക്കം
കൊച്ചി: മലയാള സിനിമക്ക് ഇത് വേര്‍പാടിന്റെ വര്‍ഷം. മൂന്നു മാസത്തിനുള്ളില്‍ 13 പ്രതിഭകളെയാണ് മലയാള സിനിമക്ക് നഷ്ടമായത്. ജനുവരി എട്ടിന് നിര്‍മാതാവ് മഞ്ഞിലാസ് ജോസഫിന്റെ വിയോഗവാര്‍ത്തയായിരുന്നു ഈ വര്‍ഷം ആദ്യം കേട്ടത്. ജനുവരി 11ന് തിരക്കഥാകൃത്ത് വി.ആര്‍. ഗോപാലകൃഷ്ണനും വിടപറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ മലയാള സിനിമയുടെ ഹാസ്യ റാണിയായിരുന്ന കല്‍പ്പനയുടെ മരണവാര്‍ത്തയെത്തി. ജനുവരി അവസാനത്തോടെ ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ജി.കെ പിള്ള അരങ്ങൊഴിഞ്ഞു. തിരക്കഥാകൃത്ത് മണി ഷൊര്‍ണൂരിന്റെ മരണവാര്‍ത്തയായിരുന്നു ഫെബ്രുവരിയുടെ തുടക്കത്തില്‍ കേട്ടത്. ഫെബ്രുവരി അഞ്ചിന് ജോണ്‍സണ്‍ മാഷിന്റെ മകളായ ഷാന്‍ ജോണ്‍സന്റെ മരണവാര്‍ത്തയെത്തി. മലയാളത്തിന്റെ കാവ്യലോകത്തില്‍ സൂര്യപ്രഭ ചൊരിഞ്ഞു നി്ന്ന ഒ.എന്‍.വി കുറുപ്പന്റെ നഷ്ടമായിരുന്നു 2016 ന്റെ മറ്റൊരു വലിയ വേദന. അടുത്ത ദിവസം തന്നെ കാമറാമാന്‍ ആനന്ദക്കുട്ടനും ഓര്‍മയായി. തുടര്‍ച്ചയായ മൂന്നാം ദിവസം സംഗീത സംവിധായകന്‍ രാജാമണി ജീവിതത്തില്‍ നിന്ന് വിടവാങ്ങി, മലയാള സിനിമയെ ഞെട്ടിച്ച അടുത്ത മരണ വാര്‍ത്ത സംവിധായകന്‍ രാജേഷ് പിള്ളയുടേതായിരുന്നു. മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് മാര്‍ച്ച് ആദ്യം കലാഭവന്‍മണി അരങ്ങൊഴിഞ്ഞു. വ്യാഴാഴ്ച ഹാസ്യതാരം വി ഡി രാജപ്പന്റെ വിയോഗ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് യുവനടന്‍ ജിഷ്്ണുവിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്. മാധ്യമരംഗത്തെ കുലപതിയായ ടി.എന്‍ ഗോപകുമാറിന്റെയും പ്രമുഖ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ എന്നിവരുടെ മരണവും ഈ മാസങ്ങളില്‍ കേരളീയരെയാകെ ദുഖത്തിലാഴ്ത്തി.