മാതാവിന്റെ അശ്രദ്ധ: പകല്‍ മുഴുവന്‍ കാറിലിരുന്നു കുട്ടി ചൂടേറ്റ് മരിച്ചു

o4:03pm 14/5/2016
– പി. പി. ചെറിയാന്‍
unnamed (1)
മാഡിസണ്‍ കൗണ്ടി (മിസിസിപ്പി): മാതാവിന്റെ അശ്രദ്ധ മൂലം പകല്‍ മുഴുവന്‍ എസ് യുവിയുടെ ബാക്ക് സീറ്റില്‍ ബെല്‍റ്റിട്ട നിലയില്‍ കഴിയേണ്ടി വന്ന കുട്ടി സൂര്യാഘാതം മൂലം മരിച്ചു.

മെയ് 11 ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്ന് മണിക്ക് 2 വയസുകാരി മകളെ ഫൂട്ട്പ്രിന്റ് ലേണിങ് സെന്ററില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോകുവാനാണ് എത്തിയത്. കുട്ടിയെ അന്വേഷിച്ചപ്പോള്‍ കുട്ടിയെ രാവിലെ കൊണ്ടു വന്നിട്ടില്ല എന്നായിരുന്നു അധ്യാപികയുടെ മറുപടി.

മാതാവ് ഉടനെ പാര്‍ക്ക് ചെയ്തിരുന്ന എസ് യുവിയുടെ സമീപത്തേക്ക് പാഞ്ഞു. പുറകില്‍ നോക്കിയപ്പോള്‍ സീറ്റില്‍ ചലനരഹിതമായ മകളുടെ ശരീരമാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു.

രാവിലെ ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ലേണിങ് സെന്ററില്‍ ഇറക്കേണ്ടതായിരുന്നു. പക്ഷേ അശ്രദ്ധമൂലം മാതാവ് ജോലി സ്ഥലത്തേക്കാണ് നേരെ എത്തിയത്. വാഹനം പാര്‍ക്ക് ചെയ്തു ജോലിയില്‍ പ്രവേശിച്ചു. മൂന്ന് മണിക്ക് ജോലിയില്‍ നിന്നും ഇറങ്ങി ലേണിങ് സെന്ററില്‍ എത്തി കുട്ടിയെ അന്വേഷിച്ചപ്പോളാണ് പറ്റിയ തെറ്റ് മനസിലായത്.

ഇത് ഒരു ദയനീയ സംഭവമാണ്. മാതാവിനേയും പിതാവിനേയും പൊലീസ് സംഭവ സ്ഥലത്തുവെച്ചു തന്നെ ചോദ്യം ചെയ്തു. അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു. ഇത്തരം അപകട മരണങ്ങള്‍ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. ചില മിനിറ്റുകള്‍ കാറിനകത്ത് എസിയില്ലാതെ കനത്ത ചൂടില്‍ കഴിഞ്ഞാല്‍ കുട്ടികളുടെ മരണം സുനിശ്ചിതമാണ്