മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. 283 പേർ മരിച്ചിട്ടുണ്ട്

09:28 am 7/10/2016
download (23)
ഫ്ലോറിഡ‍: ‘മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ഫ്ലോറിഡ വഴി (അറ്റ് ലാന്‍റിക് തീരം) കടന്നു പോകുമെന്നാണ് യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചത്. ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണപൂര്‍വ തീരവാസികളോട് മാറിത്താമസിക്കാന്‍ അധികൃതർ നിര്‍ദേശം നല്‍കി. അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണ് ‘മാത്യു’.

അതേസമയം, ബഹാമാസ് ദ്വീപില്‍ ആഞ്ഞടിച്ച ‘മാത്യു’ ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയർന്നു. അവസാന റിപ്പോർട്ട് പ്രകാരം 283 പേർ മരിച്ചിട്ടുണ്ട്. റോക് എ ബട്ടാവുവിൽ മാത്രം 50 പേർ മരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ജെറിമി പട്ടണത്തിൽ 80 ശതമാനം വീടുകളും സഡ് പ്രവിശ്യയിൽ 30,000 ഭവനങ്ങളും നിരവധി ബോട്ടുകളും തകർന്നു. തീരദേശ റോഡുകളില്‍ അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുകയാണ്. ജനവാസ മേഖലകൾ വെള്ളത്തിനടിയിലാണ്.

ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലൂടെയാണ് ‘മാത്യു’ ചുഴലിക്കാറ്റ് കടന്നുവന്നത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ക്യൂബയിലും കനത്ത നാശമാണ് വിതച്ചത്. 2010ലെ ഭൂകമ്പത്തിനു ശേഷം ആഞ്ഞടിച്ച കാറ്റ് ജീവാപായം ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഹെയ്തിയെ നയിക്കുക.