ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍.

09:26 am 6/10/2016

download (1)
ന്യൂഡല്‍ഹി: ലോക്കപ്പില്‍ ചികുന്‍ഗുനിയ ബാധിച്ച് ആശുപത്രിയില്‍ മരിച്ച ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍. ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച യുവാവിന്‍െറ മൃതദേഹം സംസ്കരിക്കാന്‍ തയാറാവാതെ സ്വദേശമായ ദാദ്രി ബിസാദയില്‍ ഗ്രാമവാസികള്‍ സംഘടിച്ചു നില്‍ക്കുകയാണ്. രാജ്യത്തിന്‍െറ സംസ്കാരം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നടത്തിയ ആളാണ് രവി സിസോദിയ എന്നു പ്രകീര്‍ത്തിച്ച് മൂവര്‍ണക്കൊടി പുതച്ചാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരാണ് മരണത്തിനു കാരണമെന്നും അവര്‍ ആരോപിച്ചു.
കേസിലെ കുറ്റാരോപിതരായി ജയിലില്‍ കഴിയുന്ന 17 പേരെയും വിട്ടയക്കണമെന്നും കഴിഞ്ഞ വര്‍ഷം അടിച്ചുകൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്‍െറ സഹോദരന്‍ ജാന്‍ മുഹമ്മദിനെ ഗോഹത്യയുടെ പേരില്‍ അറസ്റ്റു ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.

കുപ്രസിദ്ധ വിദ്വേഷ പ്രാസംഗികയായ സ്വാധി പ്രാച്ചി ഉള്‍പ്പെടെ ആര്‍.എസ്.എസിന്‍െറയും ബജ്റംഗ്ദളിന്‍െറയും നിരവധി നേതാക്കള്‍ സ്ഥലത്തത്തെി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. രവിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് പ്രാച്ചി ആഹ്വാനം ചെയ്തു. മുസഫര്‍നഗര്‍ കലാപക്കേസിലെ കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമും എത്തുമെന്നറിയിച്ചിട്ടുണ്ട്. അതിനിടെ മരണപ്പെട്ട രവിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരമായി ഒരു കോടി രൂപയും കുടുംബാംഗത്തിനു ജോലിയും നല്‍കുമെന്ന് ഉറപ്പ് ലഭിച്ചാലേ സംസ്കാരം നടത്തൂ എന്നാണ് സംഘ് അനുകൂലികളുടെ നിലപാട്.