മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ലെന്ന് മുഖ്യമന്ത്രി

01:30pm 24/10/2016
download
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ പോലും സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദമില്ലാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നു. മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ല. ഒരു വിഭാഗം അഭിഭാഷകർ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനും വഴങ്ങുന്നില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ സർക്കാറിന് കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വഞ്ചിയൂർ വിജിലൻസ് കോടതിയിൽ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷൻ അവതരിപ്പിച്ചിരുന്നു. ഈ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് ആവർത്തിച്ചത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തത് ഗുരുതരമാണ്. സർക്കാറിന്‍റെ ബലഹീനതയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നതെന്നും സബ്മിഷനിലൂടെ ചെന്നിത്തല ആരോപിച്ചിരുന്നു.