മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി

03:17PM 20/07/2016
download (1)
ലക്നൗ :അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തുന്നു. രാഷ്ട്രീയ എതിരാളിയായ മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചത് വിവാദമായി. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കർ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്.

‘മായാവതി ടിക്കറ്റ് വിൽക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവർ വലിയ നേതാവാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവർ ഒരു കോടിയുമായി ചൊല്ലുന്ന ആർക്കും ടിക്കറ്റ് നൽകുന്നു. രണ്ട് കോടിയുമായി വന്നാൽ മായാവതി അവർക്കും ടിക്കറ്റ് നൽകുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കിൽ മുമ്പത്തെ സ്ഥാനാർഥികൾക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാൾ അധ:പതിച്ചിരിക്കുന്നു’- ഇതായിരുന്നു ബി.ജെ.പി നേതാവിൻെറ പ്രസംഗം.

സംസ്ഥാനത്ത് തങ്ങളുടെ പാർട്ടിയുടെ വളർച്ചയുടെ ഭീതിയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡൻറ് തികച്ചും വ്യക്തിപരമായ തലത്തിൽ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് നല്ലതല്ലെന്നും യു.പിയിലെ ബി.ജെ.പി വക്താവ് ഐ.പി സിങ് പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ശങ്കർ സിങ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.