മാര്‍ക്കറ്റ്‌ റിവ്യൂ: വിയറ്റ്‌നാമില്‍നിന്ന്‌ കുരുമുളക്‌ എത്തി; വില ഇടിഞ്ഞു

05:56pm 25/4/2016
download (2)

കഴിഞ്ഞവാരം വിപണിയില്‍ റബര്‍വിലയില്‍ കയറ്റം തുടര്‍ന്നു. കുരുമുളകിന്‌ വിലകുറഞ്ഞു. വെളിച്ചെണ്ണ, കൊപ്ര, സ്വര്‍ണ വിലകൂടി.
തേയിലവില കയറിയിറങ്ങി. റബര്‍വില വീണ്ടും ഉയര്‍ന്നു. ടയര്‍കമ്പനികള്‍ക്ക്‌ വേണ്ടി അവധി വ്യാപാരികള്‍ ആര്‍.എസ്‌.എസ്‌ നാല്‌ കിലോക്ക്‌ 147 രൂപ വരെ വില ഉയര്‍ത്തി. വരവ്‌ കുറഞ്ഞതോടെ കഴിഞ്ഞവാരം ആര്‍.എസ്‌.എസ്‌ നാല്‌ കിലോക്ക്‌ 11 രൂപ വിലകൂടി. 132 രൂപയില്‍ വിറ്റുനിര്‍ത്തിയ ആര്‍.എസ്‌.എസ്‌ നാലിന്‌ കഴിഞ്ഞവാരാന്ത്യവില കിലോക്ക്‌ 143 രൂപയാണ്‌. രാജ്യാന്തരവിപണിയില്‍ വില ഉയര്‍ന്നതോടെയാണ്‌ അവധി വ്യാപാരികള്‍ ആഭ്യന്തര വില ഉയര്‍ത്തിയത്‌.
വില വീണ്ടും ഉയരുമെന്ന പ്രചരണം വിപണിയില്‍ നിലനില്‍ക്കെയാണ്‌ അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ക്ക്‌ വേണ്ടി ആര്‍.എസ്‌.എസ്‌ നാല്‌ 145 രൂപയിലും വാങ്ങിയിട്ടുണ്ട്‌. വില്‍പനക്ക്‌ റബര്‍ വരവ്‌ കുറവാണ്‌. സ്‌റ്റോക്കിസ്‌റ്റുകളാണ്‌ വില്‍പനക്കായി റബര്‍ പുറത്തിറക്കിയത്‌. കടുത്ത വേനലില്‍ ഉല്‍പാദനം കുറഞ്ഞിരിക്കയാണ്‌. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌ ക്വിന്റലിന്‌ 13,500-13,900 രൂപ, ആര്‍.എസ്‌.എസ്‌ നാല്‌ 14,300 രൂപ, അവധി വ്യാപാരവില മെയ്‌ 14,650, ജൂണ്‍ 14,700, ജൂലൈ 14,825 രൂപ, സ്വര്‍ണംപവന്‌ കഴിഞ്ഞവാരം 300 രൂപവില കൂടി. രാജ്യാന്തരവില ഉയര്‍ന്നതോടെ ആഭ്യന്തര വില ഉയത്തി. പവന്‌ 21780 രൂപയില്‍ നിന്ന്‌ വാരാന്ത്യം 22,080 രൂപയായി വില ഉയര്‍ന്നു.
സ്വര്‍ണം അവധിവില ജൂണ്‍ 29,341, ഓഗസ്‌റ്റ്‌ 29,594 രൂപ.
കുരുമുളക്‌ ക്വിന്റലിന്‌ 400 രൂപ വീതം വില കുറഞ്ഞു. അവധി വിലകള്‍ കയറിയിറങ്ങി. വില്‍പനക്ക്‌ കുരുമുളക്‌ വരവ്‌കുറഞ്ഞു. കടുത്തവേനലില്‍ കുരുമുളക്‌ കര്‍ഷകര്‍ക്കും തിരിച്ചടിയായി.
ഹൈറേഞ്ച്‌ മേഖലകളില്‍ കുരുമുളക്‌ വള്ളികള്‍ ഉണങ്ങി തുടങ്ങി. ഇതിനിടയിലാണ്‌ വിയറ്റ്‌നാമില്‍ നിന്നുള്ള ഇറക്കുമതി മുളക്‌ എത്തിയത്‌. 2,500 ടണ്‍ കുരുമുളകാണ്‌ കുറഞ്ഞ നിരക്കില്‍ വിയറ്റ്‌നാമില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. ഇറക്കുമതി ചെയ്‌ത്‌ മുളക്‌ മൂല്യവര്‍ധിത ഉല്‍പന്നത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്ുന്ന മയുളക്‌ വീണ്ടും കയറ്റുമതി ചെയ്യണമെന്നിരിക്കെ ആഭ്യന്തരവിപണിയില്‍ തന്നെ വില്‍ക്കുകയാണ്‌ പതിവ്‌.
ഇറക്കുമതി വന്നതോടെയാണ്‌ കഴിഞ്ഞവാരം കുരുമുളക്‌ വില ഇടിഞ്ഞത്‌. കൊച്ചിയില്‍ കുരുമുളകിന്‌ ഉത്തരേന്ത്യയില്‍ നിന്ന്‌ വ്യാവസായിക ആവശ്യത്തിനായി ഡിമാന്റുണ്ട്‌. ടെര്‍മിനല്‍ വിപണിയില്‍ വില്‍പനക്ക്‌ കുരുമുളക്‌ വരവ്‌ കുറഞ്ഞിരിക്കെ ഇറക്കുമതി മുളക്‌ വലിയ തോതില്‍ വിറ്റഴിച്ചേക്കുമെന്ന ആശങ്ക വിപണിയില്‍ ഉടലെടുത്തിരിക്കയാണ്‌. രാജ്യാന്തര വിപണിയില്‍ വിയറ്റ്‌നാമിന്റെ മുളക്‌ ഒരു ടണ്ണിന്‌ 8,000 ഡോളറാണ്‌. ഇന്ത്യയുടെ നിരക്ക്‌ 11,000 ഡോളറാണ്‌. മേയ്‌ ജൂണ്‍ കാലയളവില്‍ ശ്രീലങ്കയില്‍ നിന്നും ഇറക്കുമതി വന്നേക്കും.
ഇറക്കുമതി വന്നതോടെ കുരുമുളകിന്‌ വരും നാളുകളില്‍ വില കുറയാനാണ്‌ സാധ്യതയെന്ന്‌ വ്യാപാരവൃത്തങ്ങള്‍ വിലയിരുത്തി. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 68,100 രൂപ, ഗാര്‍ബിള്‍ഡ്‌ മുളക്‌ 71,100 രൂപ, അവധി വില മെയ്‌ 70,000, ജൂണ്‍ 69,000, ജൂലൈ 68,000, ഓഗസ്‌റ്റ്‌ 67,000, സെപ്‌തംബര്‍ 66,000, ഒക്‌ടോബര്‍ 65,000, ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 16500, ബെസ്‌റ്റ്‌ ചുക്ക്‌ 18,000രൂപയിലും മഞ്ഞള്‍ ക്വിന്റലിന്‌ 11,500 രൂപയിലും വില മാറ്റമില്ല.
അടക്ക വിലകൂടി. അടക്ക ക്വിന്റലിന്‌ 18,000-19,000 രൂപ, വെളിച്ചെണ്ണ, കൊപ്ര വിലകൂടി. വെളിച്ചെണ്ണ ക്വിന്റലിന്‌ 600 രൂപയും കൊപ്ര ക്വിന്റലിന്‌ 400 രൂപയും വിലകൂടി. വാരാന്ത്യവില വെളിച്ചെണ്ണ മില്ലിങ്‌ ക്വിന്റലിന്‌ 9,200 രൂപ, തയ്യാര്‍ 8,600 രൂപ, കൊപ്ര 5,855-6,250രൂപ, തമിഴ്‌നാട്ടില്‍ നിന്ന്‌ വരവ്‌ കുറഞ്ഞതോടെയാണ്‌ കൊച്ചിയില്‍ വെളിച്ചെണ്ണ വില ഉയര്‍ന്നത്‌. പഞ്ചസാര ക്വിന്റലിന്‌ 3,900 രൂപയിലും വറ്റല്‍ മുളക്‌ ഒന്നാംതരം 15,000 രൂപയിലും രണ്ടാംതരം 13,500 രൂപയിലും വില മാറ്റമില്ല.
ജോസഫ്‌ വെണ്ണിക്കുളം