മാലി തീവ്രവാദി ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

08:15am
13/02/2016
th (2)

മാലി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യു.എന്‍ കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എന്‍ സമാധാനപാലകരുടെ എണ്ണം അഞ്ചായി. ആക്രമണത്തില്‍ മുപ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ വടക്കുകിഴക്കന്‍ മാലിയിലെ യു.എന്‍ കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മാലിയിലെ തിപുക്തു സൈനിക കേന്ദ്രത്തില്‍ ഒരാഴ്ച മുമ്പ് നടന്ന ആക്രമണത്തിന് പിന്നാലെയാണിത്. ആക്രമണത്തില്‍ നാലു തീവ്രവാദികളും മാലി സൈനികനും കൊല്ലപ്പെട്ടിരുന്നു. 2012 മുതല്‍ നിരവധി ആക്രമണങ്ങളില്‍ രാജ്യത്തെ പുരാതന കേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു. അല്‍ഖാഇദയുമായി ചേര്‍ന്ന് തീവ്രവാദ സംഘങ്ങളും തൗറേഗ് വിമതരും മാലി നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വടക്കന്‍ മേഖലകളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. തുര്‍ഗ് വിമതരും സര്‍ക്കാര്‍ അനുകൂല സായുധ സേനയും തമ്മില്‍ സ മാധാന കരാര്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.

2013ല്‍ മാലി സര്‍ക്കാര്‍ ഫ്രഞ്ച് സഖ്യത്തിന്റെ നേതൃത്വത്തില്‍ വിമതരില്‍നിന്ന് ഭൂരിഭാഗം സ്ഥലങ്ങളും പിടിച്ചെടുത്തിരുന്നെങ്കിലും തീവ്രവാദികളുടെ ഭീഷണി തുടരുകയാണ്.