മിനിസ്സോട്ടയില്‍ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു

01.06 AM 08-09-2016
unnamed (3)ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ സനാധനധര്‍മ്മ പരിപാലനാര്‍ത്ഥം മിനിസ്സോട്ടയില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ട എന്ന സംഘടന നിലവില്‍വന്നു.
എഡിനയിലുള്ള സൗത്ത് ഡെയില്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പൊതുയോഗത്തില്‍ സുരേഷ് നായര്‍ അധ്യക്ഷതവഹിച്ചു. അതോടൊപ്പം സദസിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ടയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ഹിന്ദു കൂട്ടായ്മയുടെ ആവശ്യകതയേയും തനതായ അനുഷ്ഠാനങ്ങളെക്കുറിച്ചും, 2017-ലെ ഡിട്രോയിറ്റ് ഗ്ലോബല്‍ ഹിന്ദു സംഗമത്തെക്കുറിച്ചും വിശദമായി സംസാരിക്കുകയും, ഏവരും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തദവസരത്തില്‍ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സതീശന്‍ നായര്‍ സംഘടന നടത്തിവരുന്ന വിവിധ കര്‍മ്മപരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും, കര്‍മ്മപദ്ധതികളില്‍ പങ്കാളികളാകാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സുധീര്‍ പ്രയാഗയും തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ചു. കൂടാതെ ഗോതന്‍ നമ്പൂതിരിപ്പാട്, രാമനാഥ അയ്യര്‍ എന്നിവകും സംസാരിച്ചു. സുധാ ശിവറാം പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.