മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് സജ്ഞയ് നിരുപം

07:44 pm 4/10/2016
download (1)

ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. മിന്നലാക്രമണത്തെ വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍ പിന്തുണച്ചപ്പോഴാണ് സജ്ഞയ് നിരുപം വ്യത്യസ്​ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ഇന്ത്യന്‍ സര്‍ക്കാറും സേനയും കെട്ടിച്ചമച്ചതാണെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പാക് സേനയും സര്‍ക്കാറും. കഴിഞ്ഞ വാരം ബുധനാഴ്ച രാത്രി അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ 7 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് സൈന്യം പുറത്തു വിട്ട വിവരം. എന്നാല്‍ ആക്രമണത്തില്‍ എത്ര ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് സൈന്യം വ്യക്തമാക്കിയിരുന്നില്ല.

പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ഹാജരാക്കാന്‍ നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരവും ആവശ്യപ്പെട്ടിരുന്നു. സേനയുടെ നടപടിക്ക് തെളിവ് ആവശ്യപ്പെടുന്ന ഇരുവരും പാകിസ്താന്‍റെ അജണ്ടകള്‍ക്ക് ഉപകരണങ്ങളാവുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ്​ പ്രതികരിച്ചത്.