മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് നവനേതൃത്വം; അഭിലാഷ് പോള്‍ പ്രസിഡന്റ്, ഈപ്പന്‍ ചെറിയാന്‍ സെക്രട്ടറി

07.11 PM 26-05-2016
michigon_pic1
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് (MPTM) പുതിയ നേതൃത്വം. മുന്‍ പ്രസിഡന്റ് അജീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി അഭിലാഷ് പോളും, ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ ചെറിയാനും തെരഞ്ഞെടുക്കപ്പെട്ടു.

മിഷിഗണിലെ നിരവധി സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഭിലാഷ് പോള്‍ മികച്ച സംഘാടകനും നല്ലൊരു കലാകാരനും കൂടിയാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഈപ്പന്‍ ചെറിയാന്‍ മിഷിഗണിലെ പ്രമുഖ ഫിസിക്കല്‍ തെറാപ്പി സേവനദാതാക്കളായ ‘സാവാ’ റിഹാബിലിറ്റേഷനില്‍ മാനേജരായി ജോലി ചെയ്യുന്നു.

തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികള്‍: സിമ്മി മാമ്മന്‍ (വൈസ് പ്രസിഡന്റ്), മാത്യു ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ജോണി ചോറത്ത് (ട്രഷറര്‍), റ്റിജി (ജോയിന്റ് ട്രഷറര്‍), ജയിംസ് കുരീക്കാട്ടില്‍ (പി.ആര്‍.ഒ) എന്നിവരാണ്.

മിഷിഗണിലെ മലയാളി സമൂഹത്തില്‍ നിരവധി സാംസ്‌കാരിക-മത സംഘടനകള്‍ സജീവമാണെങ്കിലും പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് സംഘടനയ്ക്കുള്ളത്.

ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുക,. തൊഴില്‍ അന്വേഷകരെ ജോലി നേടാന്‍ സഹായിക്കുക, തൊഴിലിടങ്ങളില്‍ ഭരണ നേതൃത്വത്തിലേക്ക് കടന്നുവരാന്‍ പര്യാപ്തരാക്കുക, ഫിസിക്കല്‍ തെറാപ്പി രംഗത്തും ഇന്‍ഷ്വറന്‍സ് രംഗത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ അറിയിക്കുവാന്‍ ക്ലാസുകളും സെമിനാറുകളും നടത്തുക, മിഷിഗണിലെ പൊതു മലയാളി സമൂഹത്തിനായി ഹെല്‍ത്ത് ചെക്കപ്പ് പ്രോഗ്രാമുകള്‍ നടത്തുക എന്നിവയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ജോലിക്കിടയില്‍ തെറാപ്പിസ്റ്റുകള്‍ക്കുണ്ടാകുന്ന ഗൗരവവും തമാശയും നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍ തുടങ്ങിയവ സംഘടനയുടെ മീറ്റിംഗുകളെ സജീവമാക്കുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ കൂടുതല്‍ ശക്തമാക്കുക, പ്രവര്‍ത്തനമേഖല വിപുലമാക്കുക, പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് അഭിലാഷ് പോള്‍ പറഞ്ഞു. മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പുതിയ നേതൃത്വത്തിന് ആവശ്യമായ എല്ലാ പിന്തുണയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അജീഷ് ജോര്‍ജ് പ്രഖ്യാപിച്ചു. പി.ആര്‍.ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.