മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍ ഹെല്‍ത്ത് ക്ലിനിക് കാമ്പ് നടത്തുന്നു

07:33 pm 28/2/2017
Newsimg1_55640456
ഷിക്കാഗോ: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ ജോലിചെയ്യുന്ന മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ സംഘടനയായ എം.പി.ടി.എം (മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ്‍), ഈ വര്‍ഷത്തെ ഏകദിന ഹെല്‍ത്ത് ക്ലിനിക് ക്യാമ്പ്, 2017 മാര്‍ച്ച് 26 ന് നടത്തുവാന്‍ തീരുമാനിച്ചു. സൗത്ത് ഫീല്‍ഡിലെ സെന്‍റ് തോമസ് കാത്തലിക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്ന ക്യാമ്പില്‍, ഈ വര്‍ഷം നേഴ്‌സ്മാരുടെ സേവനം കൂടി ഉള്‍പ്പെടുത്തി സംയുക്തമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അഭിലാഷ് പോളും, സെക്രട്ടറി ഈപ്പന്‍ ചെറിയാനും അറിയിച്ചു.

ഫിസിക്കല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള രോഗ നിര്‍ണയങ്ങളോടും ബോധവല്‍ക്കരണ കഌസുകളോടുമൊപ്പം നഴ്‌സ്മാരുടെ സഹായത്തോടെ ബ്ലഡ് പ്രഷര്‍, ഡയബിറ്റീസ് മുതലായ നിരവധി രോഗങ്ങളുടെ ടെസ്റ്റുകളും തികച്ചും സൗജന്യമായി നടത്തുന്നതാണ്. രൂപംകൊണ്ട നാള്‍മുതല്‍ കഴിഞ്ഞ നാല് വര്ഷങ്ങളായി മിഷിഗണ്‍ മലയാളി സമൂഹത്തിലെ ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ കരിയര്‍ വികസന രംഗത്തും, അതോടൊപ്പം തന്നെ മിഷിഗണിലെ ഇന്ത്യന്‍ സമൂഹത്തില്‍, ജീവിത ശൈലി രോഗങ്ങളെ അകറ്റിനിറുത്തുവാന്‍ വേണ്ട ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും, നടത്തുന്നതില്‍ ബദ്ധശ്രദ്ധമായിരുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മിഷിഗണിലെ വിവിധ സംസ്കാരിക സംഘടനകളുടെ ഭാരവാഹികള്‍ പ്രശംസിച്ചു.

മിഷിഗണ്‍ മലയാളീ സമൂഹത്തില്‍ നിരവധി സാംസ്കാരിക , സാഹിത്യ, മത സംഘടനകളുണ്ടെങ്കിലും, പ്രൊഫഷണല്‍ രംഗത്ത് ജോലിചെയ്യുന്നവരുടെ കൂട്ടായ്മയിലൂടെ കരിയറിലും പ്രൊഫഷണല്‍ രംഗത്തും ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നുള്ളതിന്റെ തെളിവാണ്, ങജഠങ ന്റെ മാത്രകയില്‍ ഈ അടുത്ത കാലത്തായി രൂപം കൊണ്ട നിരവധി വിവിധ പ്രൊഫെഷണലുകളുടെ സംഘടനകളെന്ന്, ട്രഷറര്‍ ജോണി ചോറത്ത് അഭിപ്രായപ്പെട്ടു. എം.പി.ടി.എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ അടുത്ത നാളില്‍ രൂപം കൊണ്ട സമാന്തര സംഘടനക്ക് എല്ലാ വിധ ആശംസകള്‍ നേരുകയും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധ്യമായ എല്ലാ രംഗത്തും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും വൈസ് പ്രസിഡന്റ് സിമി മാമന്‍ ഉറപ്പുനല്‍കി. എം.പി.ടി.എമ്മിന്റെ ഹെല്‍ത്ത് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ മിഷിഗണ്‍ മലയാളി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അവസരമുണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് അഭിലാഷ് പോള്‍ അറിയിച്ചു. ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.