മിഷേൽ ഒബാമയെ അധിക്ഷേപിച്ച ക്ലേ കൗണ്ടി മേയർ രാജി വെച്ചു

11:43 am 16/11/2016

social-post-firstlady

ചാൾസ്​റ്റൺ: അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമക്കു നേരെ ഫേസ്​ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ വെസ്​റ്റ്​ വെർജീനിയയിലെ മേയർ രാജിവെച്ചു. ക്ലേ കൗണ്ടി മേയർ ബെവർലി വേലിങ്ങാണ്​ രാജി വെച്ചത്​.

ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ വെർജീനിയ ഡവലപ്മെന്‍റ് കോർപ്പറേറ്റ് ഡയറക്ടർ പമേല ടെയ് ലർ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസിൽ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേൽക്കുന്നതിൽ സന്തോഷം തോന്നുന്നു. ഹൈഹീൽ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി- എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.

പ്രശ്നത്തിന് എരിവ് പകർന്ന്​ പോസ്റ്റിനെ അനുകൂലിച്ച് ക്ളേ കൗണ്ടി മേയർ ബെവർലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി. വിസാസ് ടി.വി റിപ്പോർട്ട് ചെയ്ത വാർത്ത നൂറുക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കിൽ നിന്ന് ഇവരുടെ അക്കൗണ്ടുകൾ തന്നെ അപ്രത്യക്ഷമായി.

വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ ശക്തമായി ആവശ്യമുയർന്നിരുന്നു. ഇവരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഓൺലൈൻ പരാതി ലഭിച്ചിരുന്നതായും അധികൃതർ പറഞ്ഞിരുന്നു. അതേ തുടർന്നാണ്​ മേയർ രാജിവെച്ചത്​.
മേയറുടെ വിവാദ പോസ്​റ്റിൽ മിഷേൽ ഒബാമയോടും മറ്റുള്ളവരോടും നാടിനുവേണ്ടി മാപ്പുചോദിക്കുന്നതായി ക്ലേ കൗണ്ടി ടൗൺ ​കൗൺസിൽഅംഗം ജെയ്​സൺ ഹബ്ബാർഡ്​ അറിയിച്ചു. ഒന്നോ രണ്ടോ ആളുകളെ കണ്ട്​ സമൂഹത്തെ മൊത്തം അളക്കരുതെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു.