മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു

08:00 am 20/6/2017

റോം: മുംബൈ ആര്‍ച്ച്ബിഷപ്പും പൊന്തിഫിക്കല്‍ തിരുസംഘത്തിന്‍റെ പ്രീഫെക്ടും ആയിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് (81) കാലം ചെയ്തു. റോമില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം.

2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ പിന്‍ഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ കര്‍ദിനാള്‍ ഡയസുമുണ്ടെന്നു ടൈം വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറ്റേവര്‍ഷം അദ്ദേഹം ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീ ഫെക്ട് ആയി. ഇതേത്തുടര്‍ന്നു ബോംബെ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു. വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു

ബോംബെയിലെ ബാന്ദ്രയില്‍ 1936 ഏപ്രില്‍ 14നു ജനിച്ചു. കാര്‍ലോ ഡയസും മരിയയുമായിരുന്നു മാതാപിതാക്കള്‍. മഹാരാഷ്ട്ര ഗവണ്‍മെന്‍റില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു പിതാവ്. റിട്ടയേഡ് ലഫ്റ്റനന്‍റ് ജനറല്‍ ഫ്രാന്‍സിസ് ഡയസ് അടക്കം മൂന്നു സഹോദരങ്ങളുണ്ട്. 1958ല്‍ കര്‍ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. പിന്നീടു പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. വത്തിക്കാന്‍റെ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ച ഫാ. ഡയസ് 1964ലെ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മുംബൈ സന്ദര്‍ശനത്തിന്‍റെ ക്രമീകരണങ്ങളില്‍ മുഖ്യ പങ്കുവഹിച്ചു. 196573 കാലത്ത് ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഇന്തോനേഷ്യ, കൊമോറോസ്, മൗറീഷ്യസ് എന്നിവിടങ്ങളിലെ വത്തിക്കാന്‍ നയതന്ത്രകാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 1982 വരെ വത്തിക്കാനില്‍ സോവ്യറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, ചൈന, തെക്കു കിഴക്കന്‍ ഏഷ്യ, ദക്ഷിണപൂര്‍വ ആഫ്രിക്ക എന്നിവ യ്ക്കുവേണ്ടിയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. 1982ല്‍ ഘാനയിലും മറ്റു രണ്ടു രാജ്യങ്ങളിലും വത്തിക്കാന്‍ നുണ്‍ഷ്യോ ആയി നിയമിക്കപ്പെട്ട അദ്ദേഹം മെത്രാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. പിന്നീട് കൊറിയയിലും അല്‍ബേനിയയിലും നുണ്‍ഷ്യോ ആയി. 1996ല്‍ ബോംബെ ആര്‍ച്ച്ബിഷപ് ആയി ഇന്ത്യയിലേക്കു മടങ്ങി. 2001ല്‍ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു.