മെല്‍ബണില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്യാതനായ ടിനുവിന്റെ ശവസംസ്കാരം ഒക്ടോബര്‍ 1 ന്

09:00 am 26/9/2016
Newsimg1_90488518
മെല്‍ബണ്‍ : സെപ്റ്റംബര്‍ 14 ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മെല്‍ബണിലെ (റോവില്‍) വീട്ടില്‍ നിന്നും പുറത്തുപോയ മലയാളി, 28 വയസ്സുള്ള ടിനു തോമസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറില്‍ കണ്ടെത്തി. ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്ന ടിനു തോമസ് ആനപ്രാമ്പാല്‍ (എടത്വാ) സ്വദേശിയാണ്. സെപ്റ്റംബര്‍ 15 വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടിനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കാര്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷെ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ പോലീസിനായില്ല. ഇതിനിടയില്‍ 16ന് രാവിലെയാണ് വീടിനു സമീപം മൃതദേഹം കണ്ടെത്തിയത്. തോമസ് ജോര്‍ജിന്റെയും (സന്തോഷ്) ആനിയുടെയും ഏക മകനും അവിവാഹിതനുമായിരുന്ന ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത് .

സെപ്റ്റംബര്‍ 25 ഞായറാഴ്ച 2 മണിക്ക് മൃതദേഹം മെണ്‍ബണ്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിനു വക്കുകയും ശവസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നടത്തപ്പെടുകയും ചെയ്തു. മൃതദേഹം സെപ്റ്റംബര്‍ 29 ന് നാട്ടില്‍ എത്തും. ശവസംസ്കാരം ഒക്ടോബര്‍ 1 ന് ശനിയാഴ്ച 3 മണിക്ക് ആനപ്രാമ്പാല്‍ (എടത്വാ) മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തപ്പെടും.