മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി

11.40 AM 18/09/2016
download
ഗുഡ്ഗാവ്: മേവാതിൽ ഗോമാംസത്തിൻെറ പേരിൽ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പൊലീസ് റെയ്ഡിൽ ബിരിയാണിയിലെ ബീഫ് കണ്ടെത്തിയതിനെയും നിസ്സാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതെല്ലാം ചെറിയ പ്രശ്നങ്ങൾ ആണെന്നും രാജ്യത്ത് എവിടെയും സംഭവിച്ചിരിക്കാവുന്ന സംഭവങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയുടെ 50 ാം വർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് മേവാതിലെ കൂട്ട ബലാത്സംഗത്തിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിലൊന്നും കാര്യമില്ല, ഈയൊരു ചെറിയ പ്രശ്നത്തിനായി കൂടുതൽ ശ്രദ്ധ കൊടുക്കാൻ താനില്ല. ഇന്ന് നാം സുവർണ ജയന്തിയെ സംബന്ധിച്ചാവണം സംസാരിക്കേണ്ടത്. ഈ സുവർണജൂബിലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാര പ്രശ്നം ആയിരുന്നു അത്. രാജ്യത്ത് എവിടെയും നടക്കുന്ന ഒന്ന്’ മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ ഖട്ടർ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും രണ്ടുസ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഗോരക്ഷകര്‍ ആക്രമിച്ചത്. കുടുംബനാഥനായ സഹ്റുദ്ദീന്‍െറ മകന്‍ ഇബ്രാഹീം (45) ഭാര്യ റഷീദന്‍ (36) എന്നിവരാണ് ആക്രമത്തിൽ കൊല്ലപ്പെട്ടത്.

ബീഫ് കഴിച്ചതിനാലാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് പ്രതികൾ പറഞ്ഞതായി മേവാത്ത് ഇരകൾ. സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മിയോട് വെളിപ്പെടുത്തിയിരുന്നു.