മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളി നടേശനും ഡോ. എം.എന്‍. സോമനും അടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗിച്ചത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ്.

09:19 am 27/9/2016

images (3)
കൊച്ചി: മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്‍റ് ഡോ. എം.എന്‍. സോമനും അടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗിച്ചത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ്. പദ്ധതിക്ക് പിന്നില്‍ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും യോഗം ഭാരവാഹികളും ശക്തമായ ഗൂഢാലോചനയും തട്ടിപ്പും നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സി.എസ്. ഹരി ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിയടക്കം മൂന്ന് പ്രതികള്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം. ഈ ഹരജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കരണ സമിതി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രതിപക്ഷനേതാവായിരിക്കെ വിജിലന്‍സ് കോടതിയില്‍ വി.എസ് നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയതില്‍നിന്ന് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് വെള്ളാപ്പള്ളി, സോമന്‍, പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായ എം. നജീബ്, ദിലീപ്കുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. കോര്‍പറേഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗം നേടിയ തുക വ്യവസ്ഥകള്‍ ലംഘിച്ച് വിതരണം ചെയ്യുകയും ദുരുപയോഗിക്കുകയുമാണെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടത്തെിയത്.

2003 മുതല്‍ ’14 വരെ കാലയളവില്‍ 15.85 കോടി രൂപയാണ് സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാനെന്ന പേരില്‍ കോര്‍പറേഷനില്‍നിന്ന് യോഗം കൈപ്പറ്റിയത്. എന്നാല്‍, വ്യവസ്ഥകള്‍ ലംഘിച്ച് വായ്പ അനുവദിച്ചത് ഉദ്യോഗസ്ഥരും യോഗം ഭാരവാഹികളും തമ്മിലെ ഗൂഢാലോചനയുടെ ഭാഗമായാണ്. പണം വിനിയോഗിച്ചതുസംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് കൃത്യമായി സമര്‍പ്പിച്ചിട്ടില്ല. 2003 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍പോലും 2014ലാണ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിച്ചിട്ടുമില്ല. നല്‍കിയ രേഖകളിലേറെയും വ്യാജമാണ്. വായ്പ കൈപ്പറ്റിയ സംഘങ്ങളുടെ പേരുകളില്‍ ഇരട്ടിപ്പുണ്ട്.

പലസംഘങ്ങള്‍ക്കും പണം നല്‍കാതെതന്നെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കി. കോര്‍പറേഷനില്‍നിന്ന് 36മാസത്തെ കാലയളവില്‍ മൂന്നുശതമാനം പലിശക്ക് ലഭിച്ച തുക 12-30 മാസ തിരിച്ചടവ് കാലാവധിയിലാണ് വായ്പയായി നല്‍കിയത്. ശേഷിക്കുന്ന മാസങ്ങളില്‍ ഈ തുക പ്രതികള്‍ ദുരുപയോഗം ചെയ്തു.

ഫണ്ട് ദുരുപയോഗം സംബന്ധിച്ച് പ്രാദേശിക ഉദ്യോഗസ്ഥരില്‍നിന്ന് പരാതി ലഭിച്ചിട്ടും പ്രതികളായ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ വിശദ അന്വേഷണം തുടരേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിജിലന്‍സിന്‍െറ കണ്ടത്തെലുകള്‍ തന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസിന്‍െറ അപേക്ഷ. ഒട്ടേറെ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നും പരാതിക്കാരനായ തന്നെക്കൂടി കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നും അച്യുതാനന്ദന്‍ ഹരജിയില്‍ പറയുന്നു.