മോശം റാങ്കിങ്ങ്: 2019 ലോകകപ്പില്‍ പാക് ടീം ഉണ്ടാകില്ല?

02.32 AM 07-09-2016
image_760x400 (2)ദുബായ്: ഏകദിന ക്രിക്കറ്റിലെ മോശം റാങ്കിങ്ങിനെ തുടര്‍ന്ന് 2019 ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന പാകിസ്താന്‍ മോഹങ്ങള്‍ പൊലിയുന്നു. ഐ.സി.സിയുടെ പുതിയ റാങ്കിങ്ങില്‍ നിലവില്‍ വെസ്റ്റിന്‍ഡീസിനും പിന്നില്‍ ഒമ്പതാം സ്ഥാനത്താണ് പാകിസ്താന്‍ ഇപ്പോള്‍.
86 പോയിന്റാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന് 94 പോയിന്റുണ്ട്. റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് പാകിസ്താന് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങളുടെ പരമ്പര ആരംഭിക്കുമ്പോള്‍ അവര്‍ക്ക് 87 പോയിന്റാണ് ഉണ്ടായിരുന്നത്.
പരമ്പരയില്‍ 41ന് തോറ്റതോടെ ഒരു പോയിന്റ് കൂടി നഷ്ടമായി. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരേയാണ് ഇനി പാകിസ്താന് മത്സരങ്ങളുള്ളത്. റേറ്റിംഗില്‍ മുന്നേറ്റമുണ്ടാക്കണമെങ്കില്‍ പാകിസ്താന് മികച്ച മാര്‍ജിനില്‍ വിജയിക്കണം.
അതേസമയം ശ്രീലങ്കക്കെതിരായ പരമ്പര വിജയത്തോടെ ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 110 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി.