7:00 pm 6/6/2017

ഇൻഡോർ: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ കർഷകസമരത്തിനു നേർക്കുണ്ടായ പോലീസ് വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർഷിക വായ്പാകടം എഴുതിത്തള്ളണമെന്നും വിളകൾക്ക് ന്യായവില നൽകണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ചയായി നടന്നുവരുന്ന സമരത്തിനു നേർക്കാണ് പോലീസ് നടപടിയുണ്ടായത്. പടിഞ്ഞാറൻ മധ്യപ്രദേശിലെ മൻദസൂരിൽ നടന്ന സമരം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് വെടിവയ്ക്കുകയായിരുന്നു.
എന്നാൽ ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിംഗ് സംഭവം നിഷേധിച്ചു. പോലീസ് വെടിവയ്പിലല്ല കർഷകർ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വെടിവയ്പുണ്ടായിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്ന് ഇൻഡോർ, ഉജ്ജയിൻ, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കർഷകർ കല്ലെറിയുകയും വാഹനങ്ങൾക്ക് തീ ഇടുകയും ചെയ്തു.
കർഷക പ്രതിഷേധം ശമിപ്പിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമരം വീണ്ടും ശക്തമായത്. തിങ്കളാഴ്ച ഉള്ളി കിലോയ്ക്ക് എട്ടു രൂപയ്ക്കും പരിപ്പ് ന്യായവിലയ്ക്കും സർക്കാർ കർഷകരിൽനിന്ന് സംഭരിക്കുമെന്നും 1,000 കോടി രൂപ വിലസ്ഥിരതാ ഫണ്ടായി അനുവദിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചിരുന്നു.
