യുഎഇ എക്‌സ്‌ചേഞ്ചും ഫസ്റ്റ് ഗള്‍ഫ് ബാങ്കും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

12:10pm 26/7/2016
2016july25exchange

അബുദാബി: യുഎയിലെ തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും പെട്ടെന്നുള്ള ഹ്രസ്വ കാല സാമ്പത്തികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വഴിയൊരുക്കുന്ന ‘അഡ്വാന്‍സ്’ എന്നൊരു സേവന പരിപാടിക്ക് യുഎഇ എക്‌സ്‌ചേഞ്ചും പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഫസ്റ്റ് ഗള്‍ഫ് ബാങ്കും തമ്മില്‍ ധാരണയായി.

ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടും ഫസ്റ്റ് ഗള്‍ഫ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവി ഹന റോസ്തമാനിയും ഒപ്പുവച്ചു.

പുതിയ സംവിധാനം യുഎഇ എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലുടനീളമുള്ള മുഴുവന്‍ ശാഖകളിലൂടെയും ലഭ്യമാക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഉത്സാഹിക്കുന്ന ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ഈ പദ്ധതിയിലൂടെ ഷോര്‍ട്ട് ടേം കാഷ് അഡ്വാന്‍സ് സംവിധാനം, യുഎഇ എക്‌സ്‌ചേഞ്ചിന്റെ സഹായത്തോടെ രാജ്യത്തുടനീളം ലഭ്യമാക്കുമെന്നു ഫസ്റ്റ് ഗള്‍ഫ് ബാങ്ക് പേഴ്‌സണല്‍ ബാങ്കിംഗ് മേധാവി ഗിരീഷ് അദ്വാനി പറഞ്ഞു. ഇരു സ്ഥാപനങ്ങളുടേയും സഹകരണവും നൂതന സേവനവും ഉപഭാക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും ദുബായി മെട്രോയിലെ 17 ഉള്‍പ്പെടെ രാജ്യത്തെ യുഎഇ എക്‌സ്‌ചേഞ്ചിന്റെ 150 ശാഖകളിലും പദ്ധതി എത്തിക്കുമെന്നും യുഎഇ എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള