യുഎസ് പോസ്റ്റല്‍ സര്‍വ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കും

12:59 pm 25/8/2016

പി. പി. ചെറിയാന്‍
unnamed
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് യുഎസ് പോസ്റ്റല്‍ സര്‍വ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കി. ഓഗസ്റ്റ് 23ന് പോസ്റ്റല്‍ അധികൃതരാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

െ്രെകസ്തവ മുസ്‌­ലിം ആഘോഷങ്ങളെ അനുസ്മരിക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും ആദ്യമായാണ് ഹൈന്ദവാഘോഷങ്ങളുടെ ഭാഗമായ ദീപാവലിയെ അനുസ്മരിക്കുന്നതിനു യുഎസ് പോസ്റ്റല്‍ സര്‍വ്വീസ് സ്റ്റാമ്പു പുറത്തിറക്കിയത്. ഒരു സംഘം യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഹൈന്ദവസമൂഹവും ഒത്തൊരുമിച്ചു കഴിഞ്ഞ 12 വര്‍ഷമായി നടത്തുന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുഎസ് പോസ്റ്റല്‍ സര്‍വ്വീസ് ഇങ്ങനെയൊരു തീരുമാനം അംഗീകരിച്ചത്.

ഓരോ വര്‍ഷവും സിറ്റിസണ്‍ സ്റ്റാമ്പ് അഡ്വൈസറി കമ്മിറ്റി മുമ്പാകെ ഏകദേശം 40,000 പുതിയ സ്റ്റാമ്പുകള്‍ക്കുള്ള അപേക്ഷകളാണ് ലഭിക്കുന്നതെങ്കിലും 25 എണ്ണം മാത്രമാണ് പോസ്റ്റുമാസ്റ്റര്‍ ജനറലിന് സമര്‍പ്പിക്കുകയെന്ന് യുഎസ് പോസ്റ്റല്‍ പ്രതിനിധി മാര്‍ക്ക് സാന്റേഴ്‌സ് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കരോളിന്‍ മെലനിയാണ് കഴിഞ്ഞ വര്‍ഷം ദീപാവലി സ്റ്റാമ്പിന് അനുകൂലമായി റസലൂഷന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ഒരിഞ്ചു സമചതുരത്തിലുള്ള സ്റ്റാമ്പിന്റെ ഡിസൈന്‍ ഹൈന്ദവനേതാക്കളുമായി ചര്‍ച്ച ചെയ്താണ് അംഗീകരിച്ചത്. ദീപാവലി സ്റ്റാമ്പ് ഒക്ടേബര്‍ അഞ്ചു മുതല്‍ പോസ്‌റ്റോഫീസുകളില്‍ നിന്നും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോര്‍ എവര്‍ സ്റ്റാമ്പായിട്ടാണ് ദീപാവലി സ്റ്റാമ്പ് അംഗീകരിച്ചിരിക്കുന്നത്.