യുവതി സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ചു

12:45pm 10/5/2016
images
ഹൈദരാബാദ്: തെലങ്കാനയില്‍നിന്ന് സൗദി അറേബ്യയിലേക്കു വീട്ടുജോലിക്കായി പോയ യുവതി ശാരീരിക പീഡനത്തിനിരയായി മരിച്ചു. തൊഴിലുടമയുടെ പീഡനത്തെത്തുടര്‍ന്നു നെഞ്ചിനേറ്റ പരുക്കുമായി സൗദിയിലെ കിങ് സൗദ് ആശുപത്രിയില്‍ കഴിഞ്ഞ അസിമ ഖാതൂണ്‍ എന്ന 25 വയസുകാരിയാണു കൊല്ലപ്പെട്ടത്. അസിമ മരിച്ചതായി റിയാദില്‍ നിന്ന് ഒരു അജ്ഞാതന്‍ യുവതിയുടെ അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു.
ദബീര്‍പുരയിലെ ഷാ കോളനി വാസിയായ കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലേക്കു പോയത്. രണ്ടുവര്‍ഷം മുമ്പ് സൗദി വീട്ടുജോലിക്കാര്‍ക്കുള്ള വിസ നിര്‍ത്തിയതിനാല്‍ ബിസിനിസ് വിസയിലാണ് പോയത്.
ബിസിനസ് വിസയുടെ 90 ദിവസത്തെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അസിമയെ റിയാദില്‍ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
പോയിക്കഴിഞ്ഞശേഷം അസിമയെക്കുറിച്ചു നാട്ടില്‍ വിവരങ്ങളൊന്നുമില്ലായിരുന്നെങ്കിലും രണ്ടുമാസം മുമ്പ് അവര്‍ നാട്ടിലേക്ക് അമ്മയെ വിളിച്ച് അബ്ദുള്‍ റഹ്മാന്‍ അലി മുഹമ്മദ് എന്ന തൊഴിലുടമ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.