യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

02:43 PM 22/09/2016
download (7)
യുനൈറ്റഡ് നാഷന്‍സ്: യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. പാകിസ്താന്‍ ഭീകരരാഷ്ട്രമാണ്. അയല്‍രാജ്യമായ ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റി അയക്കല്‍ പാകിസ്താന്‍ സ്വീകരിച്ച ദീര്‍ഘകാല നയമാണ്. ഇന്ത്യക്കെതിരെ യുദ്ധകുറ്റങ്ങള്‍ ചെയ്തു കൂട്ടുന്ന പാകിസ്താന്‍ തീവ്രവാദത്തിന്‍റെ ഐവി ലീഗാണ് നടത്തുന്നതെന്നും ഇന്ത്യ പൊതു സമ്മേളനത്തില്‍ തുറന്നടിച്ചു.

തീവ്രവാദ പരിശീലനത്തിനും സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനുമായി ശതകോടിക്കണക്കിന് പണമാണ് പാകിസ്താന്‍ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന തുക പോലും അയല്‍രാജ്യത്തെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദ സംഘടനകള്‍ക്കു വേണ്ടി വകയിരുത്തുന്നുണ്ടെന്ന് ഇന്ത്യക്കായി യു.എന്നില്‍ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.

പുരാതന കാലത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംസ്കാരമായ തക്ഷശില ഉണ്ടായിരുന്ന മണ്ണാണ് തീവ്രവാദത്തിന്‍റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ആകര്‍ഷിക്കപ്പെട്ട കരിക്കുലം ഉയര്‍ന്നുവന്നതും തക്ഷശിലയിലായിരുന്നു. നിലവില്‍ ഇവിടെ തീവ്രവാദത്തിന്‍റെ ഐവി ലീഗാണ് തുടരുന്നത്.

അധികാരികളുടെ ഒത്താശയോടെ തീവ്രവാദ സംഘടനകള്‍ ഫണ്ടുകള്‍ കണ്ടത്തെുന്നത് പാകിസ്താന്‍ അന്തരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നുവെന്നതിന്‍റെ തെളിവാണ്. പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്തു നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും ഭീഷണിയായികൊണ്ടിരിക്കയാണ്. തീവ്രവാദമാണ് ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനമെന്നും ഈനം ഗംഭീര്‍ തുറന്നടിച്ചു. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്ന നവാസ് ശരീഫിന്‍റെ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

തീവ്രവാദികളും അവരുടെ നേതാക്കളും പാകിസ്താന്‍ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുകയാണ്. പാക് ഭരണകൂടത്തിന്‍റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അഗ്സര്‍, മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ സകിര്‍റുല്‍ റഹ്മാന്‍ ലഖ് വി എന്നിവരുടെ പേര് പരാമര്‍ശിച്ചുകൊണ്ട് ഈനം ഗംഭീര്‍ വ്യക്തമാക്കി. ജമ്മുകശ്മീരിലെ ഉറിയില്‍ സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പങ്കുണ്ടെന്നും ഇന്ത്യ യു.എന്നില്‍ അറിയിച്ചു.

കശ്മീരില്‍ ബുര്‍ഹാന്‍ വാനിയെ സൈനിക ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ ‘കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ധ്വംസനമെന്നാണ്’’ നവാസ് ശരീഫ് യു.എന്നില്‍ പറഞ്ഞത്. ബുര്‍ഹാന്‍ വാനി സ്വാതന്ത്ര്യസമരപോരളിയെന്ന് വിശേഷിപ്പിച്ച ശരീഫിന്‍റെ നടപടിയെയും ഇന്ത്യ വിമര്‍ശിച്ചു. ഭീകരസംഘടനയുടെ സ്വയം പ്രഖ്യാപിത നേതാവിനെ പിന്തുണക്കുന്ന നിലപാടാണ് പാക് പ്രധാനമന്ത്രിയുടേത്. പാകിസ്താന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിന്നും വഴിമാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്.

സ്വന്തം രാജ്യത്തിലെ ജനങ്ങള്‍ക്കു മേല്‍ ഭീകരവാദം പ്രയോഗിക്കുകയും ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു. തീവ്രവാദത്തില്‍ നിന്നും കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യം ഇന്ത്യക്കുണ്ട്. ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലന്നെും പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി.