യു.എസ് ഇലക്ഷന്‍ ഡിബേറ്റ് ഹൂസ്റ്റണ്‍ വന്‍ വിജയമായി

08:20 am 22/9/2016

– ജീമോന്‍ റാന്നി
Newsimg1_6050513
ഹൂസ്റ്റണ്‍: പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികള്‍കൊണ്ട് സമ്പന്നമായിരുന്ന, ഇന്‍ഡോ- അമേരിക്കന്‍ പ്രസ്ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്ന യു.എസ് ഇലക്ഷന്‍ ഡിബേറ്റ് വന്‍ വിജയമായി.

ആസന്നമായിരിക്കുന്ന യു.എസ് പ്രസിഡന്റ് ഇലക്ഷനെ എത്ര ഗൗരവത്തോടെയും താത്പര്യത്തോടെയുമാണ് ഇന്ത്യന്‍ സമൂഹം വീക്ഷിക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഇലക്ഷന്‍ ഡിബേറ്റ്.

സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ഡിബേറ്റ്, 9/11 (സെപ്റ്റംബര്‍ 11) -നെ സ്മരിച്ചുകൊണ്ട് മൗന പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്.

ഇന്‍ഡോ അമേരിക്കന്‍ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി മാറിയ ഡിബേറ്റ് ഹൂസ്റ്റണില്‍ ഇത്തരത്തിലുള്ള ആദ്യസംരംഭവമായി ചരിത്രത്തില്‍ ഇടംപിടിച്ചു.

സമൂഹമാധ്യമത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സെലിബ്രിറ്റി സിംഗര്‍ ഗ്രാഡി ലോംങിന്റെ “ആയിരം കണ്ണുമായി…’ എന്നു തുടങ്ങുന്ന ഗാനം മലയാളത്തില്‍ ആലപിച്ചത് കൈയ്യടി നേടി.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഈശോ ജേക്കബ് സ്വാഗതം ആശംസിച്ചു. ഹൂസ്റ്റണ്‍ പ്രസ്ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹൂസ്റ്റണിലെ മാധ്യമരംഗത്ത് സജീവസാന്നിധ്യമായി മാറിയ ഇന്‍ഡ്യന്‍ സമൂഹത്തിലെ മുപ്പതില്‍പ്പരം മാധ്യമ പ്രവര്‍ത്തകരേയും, സാഹിത്യനായകരേയും ആദരിച്ച ചടങ്ങ് ഡിബേറ്റിനെ കൂടുതല്‍ മികവുറ്റതും വേറിട്ടതുമാക്കിമാറ്റി.

സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ മാധ്യമങ്ങളില്‍ക്കൂടി ജനഹൃദയങ്ങളില്‍ എത്തിക്കുന്ന നിരവധി മലയാളി മാധ്യമ പ്രവര്‍ത്തകരേയും എഴുത്തുകാരേയും ചടങ്ങില്‍ ആദരിച്ചത് ശ്രദ്ധേയമായി.

ജീമോന്‍ റാന്നി, ബാബു യേശുദാസ്, ഈശോ ജേക്കബ്, ബ്‌ളസന്‍ ഹൂസ്റ്റണ്‍, റോയി ആന്റണി, മോട്ടി മാത്യു, ജോര്‍ജ് തെക്കേമല, ഡോ. വെണ്‍ഗോപാല്‍ മേനോന്‍, മാത്യു കുരവയ്ക്കല്‍, സജി പുല്ലാട്, മാത്യു നെല്ലിക്കുന്ന്, ഡോ. സണ്ണി എഴുമറ്റൂര്‍, നൈനാന്‍ മാത്തുള, ഡോ. മാത്യു വൈരമണ്‍ തുടങ്ങിയവര്‍ ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ടിവി ഹൂസ്റ്റണ്‍ ഹോസ്റ്റ് സംഗീത ദുവെ കമ്യൂണിറ്റി നേതാക്കളെ സദസിന് പരിചയപ്പെടുത്തി. ഹൂസ്റ്റണ്‍ കമ്യൂണിറ്റി കോളജ് ട്രസ്റ്റി നീത സാനി ഇവന്റ് സ്‌പോണ്‍സര്‍മാരെ ചടങ്ങിന് പരിചയപ്പെടുത്തി. സംഗീത അധ്യാപകന്‍ റോജന്‍ ജേക്കബ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് ജഡ്ജ് ജോ ക്ലൗസര്‍ പ്രാരംഭ പ്രഭാഷണം നടത്തി. ശക്തമായ ജനാധിപത്യരാജ്യത്ത് വോട്ടിന്റെ പ്രസക്തിയെപ്പറ്റി പ്രതിപാദിച്ചതോടൊപ്പം അമേരിക്കന്‍ രാഷ്ട്രീയധാരയില്‍ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ശക്തമായ പങ്കാളിത്തം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഐ.എ.പി.സി നാഷണല്‍ കമ്മിറ്റി അംഗം സിറിയക് സ്കറിയ “മുഖ്യാധാരാ വിഷയത്തിലേക്ക് ഒരു പാത’ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. അതിനുശേഷം അത്യന്തം ആവേശം നിറഞ്ഞ യു.എസ് ഇലക്ഷന്‍ ഡിബേറ്റ് ആരംഭിച്ചു.

അറ്റോര്‍ണി സ്‌കോട്ട് ബ്രാസിംഗ്ടണ്‍ മോഡറേറ്ററായി നയിച്ച ഡിബേറ്റ് റിപ്പബ്ലിക്കന്‍ , ഡെമോക്രാറ്റ് വിഭാഗത്തെ പ്രതിനിധീകരിച്ച് ഹൂസ്റ്റണിലെ പ്രഗത്ഭര്‍ അണിനിരന്നപ്പോള്‍ ഡിബേറ്റ് സമാനതകളില്ലാത്തതായി മാറി.

റിപ്പബ്ലിക്കന്‍ പക്ഷത്തുനിന്നും കെന്‍ഡല്‍ ബേക്കര്‍ (സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനാര്‍ത്ഥി), ഡോ. നിക്ക് നിക്കാം (നികാം റേഡിയോ), രമേശ് ചെറിവിരാലാ (കമ്യൂണിറ്റി ആക്ടിവിസ്റ്റ്), സംഗീത ദുവാ (ഹൂസ്റ്റണ്‍ ഡൈവേഴ്‌സിറ്റി ടോക് ഷോ), ലെന്‍ സ്വാന്‍സണ്‍ (ഡൊണാള്‍ഡ് ട്രമ്പിന്റെ ഉപദേശകന്‍) എന്നിവര്‍ സംസാരിച്ചു.

ഡെമോക്രാറ്റിക് വിഭാഗത്തെ പ്രതിനിധീകരിച്ച് റോണ്‍ റെയ്‌നോള്‍ഡ് (സ്റ്റേറ്റ് റെപ്രസന്റേറ്റീവ്), കെ.പി, ജോര്‍ജ് (ഫോര്‍ട്ട് ബെന്റ് ഐ.എസ്.ഡി ട്രിസ്റ്റി), അമീ പട്ടേല്‍ (വിദ്യാഭ്യാസ പ്രവര്‍ത്തക), ജവഹര്‍ മല്‍ഹോത്ര (ഇന്‍ഡോ-അമേരിക്കന്‍ ന്യൂസ്) എന്നിവര്‍ സംസാരിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടി ഫോര്‍ട്ട്ബന്റ് കൗണ്ടി ചെയര്‍മാന്‍ സിന്ധ്യാ ജിന്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനാര്‍ത്ഥി സാറാ ഡി മര്‍ച്ചന്റ് തുടങ്ങിയ പ്രശസ്ത വ്യക്തികളും സംസാരിച്ചു.

ഐ.എ.പി.സി നാഷണല്‍ കമ്മിറ്റി അംഗം ബാബു യേശു നന്ദി പ്രകാശിപ്പിച്ചു. ലക്ഷ്മി പീറ്റര്‍ എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു.