യു.പിയില്‍ 2500 കിലോമീറ്റര്‍ പര്യടനത്തിന് രാഹുല്‍

07:17 am 30/8/2016
images (9)
ന്യൂഡല്‍ഹി: യു.പിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 2500 കിലോമീറ്റര്‍ നീളുന്ന മണ്ഡല പര്യടന പരിപാടി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ 403ല്‍ 223 മണ്ഡലങ്ങളിലാണ് രാഹുലിന്‍െറ പര്യടനം. വന്‍കിട റാലികള്‍ ഇല്ല. ഒരു മാസത്തോളം നീളുന്ന ഈ ജനസമ്പര്‍ക്ക പരിപാടിക്ക് അടുത്തയാഴ്ച തുടക്കംകുറിക്കുമെന്ന് യു.പി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തമാസം ആറിന് കിഴക്കന്‍ മേഖലയിലെ ദിയോറിയയിലാണ് തുടക്കം.

കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുമായി ആശയവിനിമയം നടത്തും. യു.പിയില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ സംസ്ഥാനത്തിന്‍െറ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പ്രശ്നം രാഹുല്‍ യാത്രയില്‍ ഉയര്‍ത്തിക്കാട്ടും. യു.പിയില്‍ കോണ്‍ഗ്രസ് ഭരണത്തിനു പുറത്തായിട്ട് മൂന്നു പതിറ്റാണ്ടായി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഷീല ദീക്ഷിതിനെ രംഗത്തിറക്കി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച പ്രശാന്ത് കിഷോറിനെ അണിയറയില്‍ ഒരുക്കത്തിന് നിയോഗിച്ചുകൊണ്ട് നില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമമാണ് കോണ്‍ഗ്രസ് മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈമാസം ആദ്യം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രചാരണത്തിന് പോയിരുന്നു. എന്നാല്‍, അനാരോഗ്യംമൂലം റോഡ്ഷോ പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു.