യെമന്‍ ഭീകരാക്രമണം: മലയാളി സിസ്റ്റര്‍ സാലി രക്ഷപ്പെട്ട യു.എ.ഇയിലെത്തി

3:09pm 8/3/2016
images (3)
ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി സിസ്റ്റര്‍ സാലി യു.എ.ഇയിലെത്തി. സിസ്റ്റര്‍ സുരക്ഷിതയാണെന്ന് യു.എ.ഇയിലെ അംബാസഡര്‍ അറിയിച്ചു. ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് യെമനില്‍ നിന്ന് സിസ്റ്റര്‍ സാലിക്ക് നാട്ടിലേക്ക് പുറപ്പെടാന്‍ സാധിച്ചത്.

സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യാത്രാവിവരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നര വര്‍ഷമായി യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധ സദനത്തിലെ സൂപ്പീരിയറാണ് സിസ്റ്റര്‍ സാലി. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ്. ഭീകരരുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് സിസ്റ്റര്‍ രക്ഷപ്പെട്ടത്.

അതേസമയം, വൃദ്ധ സദനത്തില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി വിദേശകാര്യ മന്ത്രാലയം നടത്തുകയാണ്.

മാര്‍ച്ച് നാലിനാണ് 80 പേര്‍ താമസിക്കുന്ന തെക്കന്‍ യെമനിലെ വൃദ്ധ സദനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.