യോഗി അദിത്യനാഥിനു കുളിക്കാൻ16 അടി നീളമുള്ള സോപ്പ് ഉണ്ടാക്കി

05:55 pm 3/6/2017


അഹമ്മദാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിനു കുളിക്കാൻ16 അടി നീളമുള്ള സോപ്പ് ഉണ്ടാക്കി നൽകുമെന്നു ദളിത് സംഘടന. ഗുജറാത്തിൽ പുതുതായി രൂപംകൊണ്ട ദളിത് സംഘടനയാണ് യോഗി അദിത്യനാഥിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

യുപിയിലെ കുശിനഗർ ജില്ലയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ദളിതർക്കു യോഗത്തിനു മുന്പു കുളിച്ചു വൃത്തിയാകാൻ സോപ്പും ഷാംപൂവും വിതരണം ചെയ്തതു വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഗുജറാത്തിലെ ദളിത് സംഘടന യോഗിക്കു സ്വയം വൃത്തിയാകാൻ 16 അടി നീളമുള്ള സോപ്പ് നൽകാൻ തീരുമാനിച്ചത്.

ഡോ.അംബേദ്കർ വചൻ പ്രതിബന്ധ് സമിതി എന്ന സംഘടനയുടേതാണ് പ്രഖ്യാപനം. സോപ്പ് നിർമാണം തുടങ്ങിയെന്നും ജൂണ്‍ ഒൻപതിനു അഹമ്മദാബാദിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സോപ്പ് പ്രദർശിപ്പിക്കുമെന്നും സംഘടന അറിയിച്ചു. തന്‍റെ യോഗത്തിൽ പങ്കെടുക്കുന്ന ദളിതരെ കുളിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന യോഗി ആദിത്യനാഥിന്‍റെ മനസിലെ ജാതിവിവേചനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. അദ്ദേഹം സ്വയം വൃത്തിയാവുകയാണ് വേണ്ടെത്- സംഘടനാ പ്രവർത്തകരായ കിരിറ്റ് റാത്തോഡും കാന്തിലാൽ പർമാറും പറഞ്ഞു. പൊതു പ്രദർശനത്തിനു ശേഷം സോപ്പ് പായ്ക്ക് ചെയ്തു ലോക്നോവിൽ ആദിത്യാനാഥിന് അയച്ചുകൊടുക്കാനാണ് സംഘടനയുടെ പരിപാടി.

ഏറ്റവും പിന്നോക്കം നിൽക്കുന്ന വാൽമികി സമുദായത്തിലെ സ്ത്രീയാണ് സോപ്പ് നിർമിക്കുന്നതെന്നും ഇവർ പറഞ്ഞു. ഇതു കൂടാതെ ദളിത് വിവേചന വിഷയങ്ങളിൽ നിശബ്ദത പാലിക്കുന്ന ദളിത് എംപിമാർക്കും എംഎൽഎമാർക്കും ചോദ്യാവലി അയച്ചുകൊടുക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

യുപിയിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം ദളിതർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിച്ചെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഡോ.അംബേദ്കറുടെ പേരു പല താത്പര്യങ്ങൾക്കായി മാർക്കറ്റ് ചെയ്യുന്നതിനെതിരേ പ്രവർത്തിക്കുന്ന സംഘടനയാണിത്.