രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ

02.30 Am 29/10/2016
rohan-prem
ജംഷഡ്പുർ: ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിന് അരികെ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 207 റൺസ് പിന്തുടരുന്ന ഛത്തിസ്ഗഡ് രണ്ടാംദിനം കളി നിർത്തുമ്പോൾ 179/9 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഛത്തിസ്ഗഡിന് ലീഡ് നേടാൻ 29 റൺസ് കൂടി വേണം. കെ. മോനിഷിന്റെയും ഇഖ്ബാൽ അബ്ദുള്ളയുടെയും മികച്ച ബൗളിംഗാണ് ഛത്തിസ്ഗഡിനെ തകർത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. 37 റൺസ് നേടിയ അഭിമന്യു ചൗഹാനാണ് ഛത്തിസ്ഗഡ് നിരയിലെ ടോപ് സ്കോറർ. എസ്.എസ്. റുയികർ 21 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

നേരത്തെ, ഒന്നാം ഇന്നിംഗ്സിൽ കേരളം 207നു പുറത്തായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച കേരളത്തിന് 13 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. 62 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ പ്രേം ആണ് കേരള ഇന്നിംഗ്സിലെ ടോപ് സ്കോറർ. സഞ്ജു സാംസൺ 41 റൺസ് എടുത്തു. വാലറ്റത്ത് കെ.എസ്. മോനിഷ് 24 റൺസ് എടുത്തതാണ് കേരള സ്കോർ 200 കടക്കാൻ സഹായകമായത്. ഛത്തീസ്ഗഡിനായി എസ്.എസ്. റുയികർ 50 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.