രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കും

09:45 AM 10/11/2016
scan0015
ന്യൂഡല്‍ഹി: അസാധുവാക്കിയ മുന്തിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഡിസംബര്‍ 30നുള്ളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുടെ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം പിഴ ഈടാക്കുകയും ചെയ്യും.

500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍, അവ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ 50 ദിവസ സാവകാശം അവസാനിക്കുന്ന തീയതിയാണ് ഡിസംബര്‍ 30. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് രൊക്കം പണമായി ഓരോ ബാങ്ക് അക്കൗണ്ടിലേക്കും നടത്തിയ എല്ലാ നിക്ഷേപങ്ങളെക്കുറിച്ചും സര്‍ക്കാറിന് വിവരം കിട്ടുമെന്ന് റവന്യൂ സെക്രട്ടറി ഹന്‍സ്മുഖ് അധിയ പറഞ്ഞു. നിക്ഷേപകര്‍ നല്‍കിയിട്ടുള്ള ആദായ നികുതി റിട്ടേണുമായി ഇത് ഒത്തുനോക്കും. അതു പ്രകാരം നടപടി സ്വീകരിക്കും. പ്രഖ്യാപിത വരുമാനവും നിക്ഷേപവും തമ്മില്‍ പൊരുത്തപ്പെടാതെവന്നാല്‍ അത് നികുതി വെട്ടിപ്പായി കണക്കാക്കും. ആദായ നികുതി നിയമത്തിലെ 270-എ വകുപ്പു പ്രകാരം നല്‍കേണ്ട നികുതിയുടെ 200 ശതമാനം പിഴയായി ഈടാക്കും.

ചെറുകിട വ്യാപാരികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തുകയുടെ കാര്യത്തില്‍ നികുതി പരിശോധനയുടെ ആശങ്ക ആവശ്യമില്ളെന്ന് റവന്യൂ സെക്രട്ടറി വിശദീകരിച്ചു. നികുതിവിധേയ വരുമാനം രണ്ടു ലക്ഷത്തിനു മുകളിലാണ്. അതിനു താഴെയുള്ള നിക്ഷേപത്തെക്കുറിച്ച് ആശങ്ക വേണ്ട. അത്തരം ചെറു നിക്ഷേപം നടത്തിയാല്‍ ആദായനികുതി വകുപ്പ് പൊല്ലാപ്പുണ്ടാക്കുമെന്ന് ഭയപ്പെടേണ്ടതില്ല.

സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍ നമ്പര്‍ നല്‍കേണ്ടി വരും. അതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ജ്വല്ലറി ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കും. ജ്വല്ലറിയിലെ സ്വര്‍ണ വില്‍പനയും പണം ബാങ്കില്‍ നിക്ഷേപിക്കുന്നതും തമ്മില്‍ ഒത്തു നോക്കുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.