കറന്‍സി മാറ്റം: പ്രവാസികള്‍ക്ക് മതിയായ അവസരം നല്‍കണം: ജി.എം.എഫ്

09:37 am 10/11/2106

Newsimg1_27049857
ലുഗാനോ, സ്വിറ്റ്‌സര്‍ലന്‍ഡ്: ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുള്ള 500, 1000 നോട്ടുകള്‍ മാറിയെടുക്കുന്നതിനു പ്രവാസികള്‍ക്ക് മതിയായ സൗകര്യങ്ങളും സമയവും നല്‍കണമെന്നു ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) പ്രധാനമന്ത്രി നരേന്ദ്രമോഡി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിദേശത്തുനിന്നും എത്തുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഇന്ത്യന്‍ നോട്ടുകള്‍ എല്ലാ വിമാനത്താവളങ്ങളുടേയും ആഗമന വിഭാഗത്തിലുള്ള ബാങ്ക് കൗണ്ടര്‍ വഴി കുറഞ്ഞത് 18 മാസത്തേക്കെങ്കിലും മാറ്റിയെടുക്കുവാന്‍ അവസരം നല്‍കണമെന്നതാണ് പ്രധാന ആവശ്യം.

കൂടാതെ നാട്ടില്‍ സൂക്ഷിച്ചിട്ടുള്ള പണം ഡിസംബര്‍ 30-നു മുമ്പ് മാറ്റിയെടുക്കുവാന്‍ കഴിയാതെ വരുന്ന പ്രവാസികള്‍ക്ക് ഈ തുക തങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കുകള്‍ മുഖേനതന്നെ മാറ്റിയെടുക്കുവാന്‍ അനുവദിക്കണം. നിലവില്‍ ഇത്തരം നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ ഓഫീസുകളില്‍ എത്തണം എന്ന നിബന്ധന പ്രവാസികള്‍ക്ക് ഏറെ പ്രയാസകരമാണ്.

ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജി.എം.എഫ് ഇക്കണോമിക് ഫോറം പ്രസിഡന്റ് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ എന്നിവരാണ് പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയത്.