രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍

06:49 PM 29/8/2016

പി.പി. ചെറിയാന്‍
unnamed
മിസിസ്സിപ്പി: മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി 46-കാരനായ
റോഡ്നി സാന്റേഗ്‌സിനെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി വക്താവ് വാന്‍ സ്‌ട്രെയിന്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സിസ്റ്റര്‍ ഹേളാ മെറിന്‍, സിസ്റ്റര്‍ മാര്‍ഗരറ്റ് എന്നിവരാണ് മിസിസ്സിപ്പിയിലെ ചെറിയ ടൗണായ ഡ്യൂറന്റില്‍ ഓഗസ്റ്റ് 25-നു വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പത്തുമൈല്‍ അകലെ ജോലി ചെയ്തിരുന്ന ലക്‌സിഗ്ടണ്‍ ക്ലിനിക്കില്‍ രാവിലെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും കാണാതായ ടൊയോട്ട കാര്‍ ഒരു മൈല്‍ അകലെ നിന്നും കണ്ടെത്തി. പരാജയപ്പെട്ട മോഷണശ്രമമായിരിക്കാം കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന നഴ്‌സസ് പ്രാക്ടീഷണര്‍മാരായ കന്യാസ്ത്രീകളുടെ മരണം സിറ്റിയെ ദുഖത്തിലാഴ്ത്തി. ലക്‌സിംഗ്ടണ്‍ സെന്റ് തോമസ് ചര്‍ച്ചില്‍ സിസ്റ്റര്‍ മെറിലിന്റെ പൊതുദര്‍ശനവും, തിങ്കളാഴ്ച ജാല്‍സണ്‍ സെന്റ് പീറ്റര്‍ അപ്പോസ്തല്‍ കത്തീഡ്രലില്‍ മെമ്മോറിയല്‍ സര്‍വീസും ഉണ്ടായിരിക്കുന്നതാണെന്നു ജില്‍സണ്‍ കാത്തലിക് ഡയോസിസ് ചാന്‍സലര്‍ അറിയിച്ചു.