രാജ്യം പ്രാര്‍ഥനയോടെ കാത്തിരിക്കവേ, 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനാവിമാനത്തിനായി തിരച്ചില്‍ തുടരുന്നു

09:26 AM 24/07/2016

images (1)
ചെന്നൈ: രാജ്യം പ്രാര്‍ഥനയോടെ കാത്തിരിക്കവേ, 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനാവിമാനത്തിനായി തിരച്ചില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുന്നു. ചെന്നൈ തീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ സമുദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. ചെന്നൈയില്‍നിന്ന് കിഴക്കുമാറി അവസാന സന്ദേശം ലഭിച്ച സമുദ്രഭാഗം സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 180 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ വിമാന അവശിഷ്ടങ്ങള്‍ എന്ന് തോന്നിക്കുന്ന ഭാഗങ്ങള്‍ ആകാശ നിരീക്ഷണത്തില്‍ കണ്ടത്തെിയതായി അനൗദ്യോഗിക വിവരമുണ്ട്.

വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ലയറിലേക്ക് പറക്കുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലിന് മേല്‍ എ.എന്‍ 32 വ്യോമസേനാ വിമാനം കാണാതായത്. 16 യുദ്ധക്കപ്പലും ഒരു മുങ്ങിക്കപ്പലും ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ നിരീക്ഷണ വിമാനങ്ങളും നിരവധി ബോട്ടുകളും രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വിപുലമായ ദൗത്യത്തിലുണ്ട്. രണ്ട് കോഴിക്കോട് സ്വദേശികളും കാണാതായവരിലുണ്ട്.

വ്യോമ-നാവിക-തീരരക്ഷാ സേനകളാണ് സംയുക്ത തിരച്ചില്‍ നടത്തുന്നത്. അടിയന്തര സന്ദേശം ലഭിച്ചാല്‍ പുറപ്പെടാന്‍ കപ്പലുകളും പ്രതിരോധ വിമാനങ്ങളും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. മത്സ്യബന്ധന സമൂഹത്തിന്‍െറയും സമുദ്ര മേഖലയിലെ വിദഗ്ധരുടെയും സേവനം പ്രയോജനപ്പെടുത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കാണാതായ സമയം വിമാനം 23,000 അടി ഉയരത്തിലാണ് പറന്നിരുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള നിരീക്ഷണത്തിന് ഐ.എസ്.ആര്‍.ഒയുടെ സേവനം ലഭ്യമാക്കി. സമുദ്രാന്തര്‍ ഭാഗത്തേക്ക് തരംഗങ്ങള്‍ കടത്തിവിട്ട് ‘സര്‍സാറ്റ്’ ഉപഗ്രഹത്തിന്‍െറ സഹായത്തോടെയാണ് തെളിവ് ശേഖരിക്കുന്നത്. വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സ് തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ മുങ്ങിക്കപ്പലില്‍ സംവിധാനമുണ്ട്.

ചെന്നൈ-അന്തമാന്‍ ദ്വീപസമൂഹങ്ങള്‍ തമ്മില്‍ 750 നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ട്. സാധാരണ യാത്രക്ക് മൂന്നു മണിക്കൂറാണ് വേണ്ടത്. വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍നിന്ന് അവസാനം റേഡിയോ സന്ദേശം ലഭിച്ചത് 8.46നാണ്. റഡാറില്‍ അവസാന സന്ദേശം ലഭിച്ചത് 9.15നും. റഷ്യന്‍ നിര്‍മിത ഇരട്ട എന്‍ജിന്‍ വിമാനത്തിന് ഈമാസം അഞ്ച്, എട്ട്, 13 തീയതികളില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്രെ. ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് സൈനിക ആവശ്യങ്ങള്‍ക്ക് പറക്കാറുള്ള വിമാനത്തില്‍ 50 പേര്‍ക്കുവരെ യാത്രചെയ്യാം. കാണാതായവരുടെ വിവരങ്ങള്‍ വ്യോമസേന ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ വിമല്‍, സജീവ്കുമാര്‍ എന്നിവരാണ് കാണാതായ മലയാളികള്‍.

വിമാനജീവനക്കാരടക്കം 17 പേര്‍ വ്യോമസേനാഅംഗങ്ങളാണ്. ഒമ്പതു നാവികസേനാ അംഗങ്ങളും രണ്ടു കരസേനാഅംഗങ്ങളും ഒരു അതിര്‍ത്തിരക്ഷാസേനാ അംഗവുമുണ്ട്. ഒരു വനിത ഉള്‍പ്പെടെ അഞ്ച് ഓഫിസര്‍മാരുണ്ട്. ഫൈ്ളറ്റ് ലഫ്റ്റനന്‍റ് പുഷ്പേന്ദ്ര ബദസാരയാണ് ക്യാപ്റ്റന്‍.
ഫൈ്ളയിങ് ഓഫിസര്‍ പങ്കജ കുമാര്‍ നന്ദയാണ് സഹ പൈലറ്റ്. ഫൈ്ളറ്റ് ലഫ്റ്റനന്‍റ് കുനാല്‍ ബാര്‍പെട്ടയാണ് നാവിഗേറ്റര്‍. എട്ടുപേര്‍ വിശാഖപട്ടണം നേവല്‍ ആംഡ് ഡിപ്പോയിലെ സിവിലിയന്‍ ജീവനക്കാരാണ്. പോര്‍ട്ട്ബ്ളയര്‍ സൈനിക താവളത്തില്‍ അറ്റകുറ്റപ്പണിക്കത്തെിയവരാണ് വിശാഖപട്ടണം ആംഡ് ഡിപ്പോയിലെ സിവിലിയന്‍ ജീവനക്കാര്‍. ഇവരെ പ്രതിരോധ വിമാനത്തില്‍ കയറ്റിയത് ചട്ടം ലംഘിച്ചാണെന്ന് വിശാഖപട്ടണം നേവല്‍ സിവില്‍ എംപ്ളോയീസ് അസോസിയേഷന്‍ ആരോപിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ സിവിലിയന്‍ ജീവനക്കാരെ ഇത്തരം വിമാനങ്ങളില്‍ കയറ്റാന്‍ പാടില്ല. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടാന്‍ തടസ്സമുണ്ടാകുമെന്നും അതിനാല്‍, വ്യോമസേന ഇവരുടെ കുടുംബാംഗങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യോമനിരീക്ഷണം നടത്തി. വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ അരൂപ് രാഹ് അദ്ദേഹത്തെ അനുഗമിച്ചു. കാണാതായ സൈനികരെക്കുറിച്ച് അന്വേഷണം ത്വരിതഗതിയിലാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാണാതായ സൈനികന്‍ ഐ.പി. വിമല്‍ കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് സജീവ്കുമാര്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.