രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍

08:47 am 23/10/2016

images (2)

വഡോദര: രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയാണ് ഒന്നാമത്തെ ഹരിത വിമാനത്താവളം. 160 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ആദ്യ റെയില്‍വേ സര്‍വകലാശാല വഡോദരയില്‍ നിര്‍മിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. വ്യോമയാനമേഖലയുടെ വികസനത്തെ ദൗത്യമായി കാണുമെന്നും മേഖലക്കുവേണ്ടിയുള്ള ആദ്യത്തെ ഏകീകൃത നയം കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ സമീപഭാവിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ രാജ്യമായി ഉയരും. 80 മുതല്‍ 100 വരെ വിമാനത്താവളങ്ങളേ ആവശ്യമുള്ളൂ എന്ന് വിചാരിക്കുന്നത് രാജ്യത്തിന്‍െറ വികസനത്തിന് തടയിടുന്നതിന് തുല്യമാണ്. പുതിയ വ്യോമയാനനയം ഉപഭോക്താക്കളുടെ സുരക്ഷക്കും മേഖലയുടെ വളര്‍ച്ചക്കും പ്രാധാന്യം നല്‍കുന്നതാണ്. വ്യോമയാന മേഖലയുടെ വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ധനവിനിയോഗ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

17,500 സ്ക്വയര്‍ മീറ്ററില്‍ 700 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്നതരത്തില്‍ നിര്‍മിച്ച പുതിയ ടെര്‍മിനലില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകളും 18 കൗണ്ടറുകളുമുണ്ട്. 2009ല്‍ അന്നത്തെ സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ തറക്കല്ലിട്ട ടെര്‍മിനല്‍ ഏഴു വര്‍ഷം കൊണ്ട് 160 കോടി രൂച ചെലവഴിച്ചാണ് നിര്‍മിച്ചത്. വിമാനത്താവളത്തിലെ 8,100 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ എയര്‍ബസ് 320, ബോയിങ് 737 തുടങ്ങിയ ചെറുതും വലുതുമായ വിമാനങ്ങള്‍ ഇറക്കാനാവും. സീറോ ഡിസ്ചാര്‍ജ്, ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സൗഹൃദം എന്നിവ ഉറപ്പാക്കുന്നതായിരിക്കും വിമാനത്താവളമെന്ന് മോദി വ്യക്തമാക്കി. 2,500 രൂപയുടെ വിമാനടിക്കറ്റ് എടുത്ത് 500 കി.മീ ദൂരം സഞ്ചരിക്കാവുന്നതരത്തില്‍ പുതിയ പ്രാദേശിക സമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടതായും മോദി അറിയിച്ചു.

എന്‍.ഡി.എ ഗവണ്‍മെന്‍റ് നിലവില്‍ വന്നതിനുശേഷം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായതായി സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിരാജു നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് അദ്ദേഹം വഡോദരയിലത്തെിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി വഡോദര മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.