രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം; സഭ തടസപ്പെട്ടു

01:54pm 18/7/2016
download (7)
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തുവെന്ന് ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യസഭയില്‍ ബിഎസ്പി പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി അധ്യക്ഷ മായാവതിയാണ് രാജ്യസഭയില്‍ രംഗത്തുവന്നത്. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ യഥാര്‍ഥ മാനസികാവസ്ഥയാണ് സംഭവത്തിലൂടെ വെളിവായതെന്നും മായാവതി കുറ്റപ്പെടുത്തി.

വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരി നിലപാടെടുത്തതോടെ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതേതുടര്‍ന്ന് രാജ്യസഭ 10 മിനിറ്റ് നേരത്തേയ്ക്ക് നിര്‍ത്തിവച്ചു.

ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ് വിഷയവും വിലക്കയറ്റവും ചര്‍ച്ച ചെയ്യണണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ പുതിയ കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രി രാജ്യസഭയ്ക്ക് പരിചയപ്പെടുത്തി. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റ് വേദിയാകണമെന്ന് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന് പുറത്തു മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.