രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു

10:00 am 26/10/2016
download (5)
ന്യൂഡൽഹി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസം 1.5 ലക്ഷം രൂപയിൽ നിന്നും രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി സർക്കാർ ഉയർത്തി. കാബിനറ്റ് സെക്രട്ടറി ഇന്ത്യൻ പ്രസിഡന്‍റിനേക്കാൾ അധികം ശമ്പളം വാങ്ങുന്നെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ കാബിനറ്റ് സെക്രട്ടറി പ്രസിഡന്റിനേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്നുണ്ട്.
ഇതോടെ നിലവിലെ ശമ്പളത്തിൽ നിന്നും 200 ശതമാനത്തിന്‍റെ വർധനവാണ് രാഷ്ട്രപതിയുടെ ശമ്പളത്തിലുണ്ടാവുക. ഉപരാഷ്ട്രപതിയുടെ ശമ്പളം മാസം 1.10 ലക്ഷം രൂപയിൽ നിന്നും 3.5 ലക്ഷമാക്കിയാണ് വർധിപ്പിച്ചത്. ശമ്പള വർധനവിന് ക്യാബിനറ്റ് അംഗീകാരം നൽകി. ഇനി പാർലമെന്റിന്റെ അനുമതി കൂടി ആവശ്യമാണ്. വരുന്ന ശീതകാല സമ്മേളനത്തിൽ ഇത് സർക്കാർ അവതരിപ്പിക്കും.
പ്രസിഡന്റ് വിരമിച്ചാൽ പെൻഷനായി 1.5 ലക്ഷം രൂപയാണ് ലഭിക്കും. സെക്രട്ടേറിയൽ അസിസ്റ്റൻറിന്‍റെ ശമ്പളമായ 30,000 രൂപ പ്രസിഡൻറിന്‍റെ ഭാര്യക്ക് പ്രതിമാസം നൽകുകയും ചെയ്യും. പാർലമെൻറംഗങ്ങളുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്.