രൂപ കുതിക്കുന്നു , പ്രവാസികള്‍ കിതക്കുന്നു

09:52 pm 4/5/2017

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നു. ഡോളറിനെ തകര്‍ത്ത് കൊണ്ട് രൂപയുടെ മൂല്യം കുതിച്ചു കയറിയത്തോടെ പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞു. അതിനിടെ രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികള്‍ക്ക് ഭാവിയില്‍ ഗുണമാണ് ചെയ്യുകയെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ദിനാറിന് 10 രൂപയുടെ അന്തരമാണ് രേഖപ്പെടുത്തിയത്. നാട്ടില്‍ നിന്ന് ബാങ്ക് ലോണ്‍ എടുത്തവര്‍ക്ക് വിനിമയ നിരക്ക് വര്‍ദ്ധിക്കുന്നത് തിരച്ചടിയാകും . ഭരണ സ്ഥിരത ഉറപ്പായതും സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതും നിക്ഷേപകരുടെ സജീവ പങ്കാളിത്താവുമാണ് രൂപക്ക് സ്ഥിരത കൈവരിക്കാന്‍ സഹായകരമായതെന്ന് കരുതുന്നു. ദിനാറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ പ്രവാസികള്‍ പണമയക്കുന്നതില്‍ നിന്നും കുറവ് വന്നിട്ടുണ്ടന്ന് എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു. നാട്ടിലേക്ക് പണം അയക്കാനുള്ളവര്‍ നിരക്ക് വര്‍ദ്ധിക്കുമെന്ന ധാരണയില്‍ കാത്തിരിക്കുകയാണെങ്കിലും രൂപയുടെ മൂല്യം എനിയും ഉയരുവാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇടപാടുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് മണി എക്സ്ചേഞ്ചുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.