റവ. സോണി ഫിലിപ്പിന് എബനേസര്‍ ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

10:13 pm 14/5/2017
– സി.എസ്. ചാക്കോ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നിന്നും രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സമീപ ഇടവകയില്‍ മുഴുവന്‍ സമയ വികാരിയായി നിയമിതനായ റവ. സോണി ഫിലിപ്പിനും, ആശാ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി.

ഏപ്രില്‍ 30-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഈപ്പന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. റവ. സോണി ഫിലിപ്പ് അച്ചനില്‍ നിന്നും കൊച്ചമ്മയില്‍ നിന്നും ഇടവകയ്ക്കു ലഭിച്ച സേവനങ്ങളെ അധ്യക്ഷന്‍ സ്മരിക്കുകയും, അച്ചന്റേയും കുടുംബത്തിന്റേയും ശേഷിച്ച ഈ നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ദൈവകൃപ വ്യാപരിക്കട്ടെ എന്നും ആശംസിച്ചു.

പിന്നീട് ആശംസാ പ്രസംഗം നടത്തിയ ഇടവക സെക്രട്ടറി സി.എസ് ചാക്കോ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഇടവകയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നെടുംതൂണായി പ്രവര്‍ത്തിച്ച അച്ചന്റെ പ്രവര്‍ത്തന മികവിനെ പ്രശംസിക്കുകയും, അച്ചനില്‍ നിന്നും കൊച്ചമ്മയില്‍ നിന്നും ലഭിച്ച നിര്‍ലോഭ സഹായ സഹകരണങ്ങള്‍ക്കും കരുതലിനും, കൈത്താങ്ങിനും പ്രത്യേക നന്ദിയും സ്‌നേഹവും അറിയിച്ചു. ഇടവകയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചനില്‍ നിന്നും ലഭിച്ച നേതൃത്വത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും പ്രത്യേക കടപ്പാട് അറിയിച്ചതോടൊപ്പം ഇടവകയിലെ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും പേരിലുള്ള എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലം അച്ചനില്‍ നിന്നും, കൊച്ചമ്മയില്‍ നിന്നും ലഭിച്ച സേവനങ്ങളേയും നേതൃത്വത്തേയും അനുസ്മരിച്ചുകൊണ്ട് ഇടവകയിലെ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. രാഹുല്‍ ജോസഫ് (സണ്‍ഡേ സ്കൂള്‍), ഏബ്രഹാം ജേക്കബ് (ഇടവക മിഷന്‍), തോമസ് മാത്യു (ക്വയര്‍), ബെല്‍ ജേക്കബ് (സണ്‍ഡേ സ്കൂള്‍ സുപ്രണ്ട്), ആന്‍ തോമസ് (സേവികാസംഘം) എന്നിവര്‍ അച്ചന്റെ പ്രവര്‍ത്തനങ്ങളില്‍ക്കൂടി സംഘടനകള്‍ക്ക് ലഭിച്ച ധീരമായ നേതൃത്വത്തിനും സഹായ സഹകരണങ്ങള്‍ക്കും നന്ദിയും കടപ്പാടും അറിയിച്ചു.

സേവികാസംഘത്തെ പ്രതിനിധീകരിച്ച് ആന്‍ തോമസ്, ഇടവകയെ പ്രതിനിധീകരിച്ച് ജോണ്‍ സി. മത്തായി (അക്കൗണ്ടന്റ്) എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ കൊച്ചമ്മയ്ക്കും അച്ചനും കൈമാറി.

അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി എബനേസര്‍ ഇടവകയില്‍ നിന്നും ലഭിച്ച സ്‌നേഹകൂട്ടായ്മകളെ അനുസ്മരിക്കുകയും, ഇവിടേക്ക് കടന്നുവരുമ്പോള്‍ തറവാട്ടിലേക്ക് കടന്നുവരുന്ന ഒരു പ്രതീതിയാണെന്നും അറിയിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കും, പുരോഗതിക്കും നിദാനമായ എബനേസര്‍ മാര്‍ത്തോമാ ഇടവകയുടെ സ്ഥാനം സഭാ- ഭദ്രാസന ചരിത്രത്തില്‍ എന്നും നിലനില്‍ക്കുമെന്നും, ഇടവകയില്‍ സേവനം അനുഷ്ഠിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും തന്റെ മറുപടി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ലോകത്തിന്റെ ഏതു കോണിലായാലും ഈ ഇടവകയും അംഗങ്ങളും തങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്നും, ഇടവകയ്ക്ക് സകല നന്മകളും നേര്‍ന്നുകൊണ്ട് വികാര നിര്‍ഭരമായ പ്രസംഗം അവസാനിപ്പിച്ചു.

പിന്നീട് മറുപടി പ്രസംഗം നടത്തിയ ആശാ സോണി ഫിലിപ്പ് കൊച്ചമ്മ, ഇടവകയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും കരുതലിനും പ്രത്യേകം നന്ദി പ്രകടിപ്പിക്കുകയും, ഇടവക ജനങ്ങളില്‍ നിന്നും വല്ലപ്പോഴെങ്കിലും ലഭിക്കുന്ന ഒരു ഫോണ്‍ വിളികള്‍ തങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷപ്രദവും പ്രകാശമാനമാക്കുമെന്നും ഓര്‍മ്മിപ്പിച്ചു. ഇവിടെ നിന്നും പോയാലും നിങ്ങളുടെ ആ ശബ്ദത്തിനായി കാതോര്‍ത്തിരിക്കുമെന്നും അറിയിച്ചു. ഓരോ ഇടവക ജനങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ലഭിച്ച സ്‌നേഹ-സൗഹൃദ കൂട്ടായ്മയ്ക്ക് കൊച്ചമ്മയുടേയും അച്ചന്റേയും പേരിലുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു.

ജോണ്‍ സാമുവേല്‍ (ട്രഷറര്‍) അച്ചന്റെ സേവനങ്ങളെ സ്മരിച്ചതിനോടൊപ്പം എല്ലാ ബുധനാഴ്ചകളിലും അച്ചന്‍ ഇടവക ജനങ്ങള്‍ക്കുവേണ്ടി നടത്തിവന്നിരുന്ന ബൈബിള്‍ ക്ലാസ്, ഇടവക മിഷന്റെ നേതൃത്വത്തില്‍ കോട്ടേജ് പ്രെയര്‍ എന്നിവയ്ക്ക് അച്ചനില്‍ നിന്നും ലഭിക്കുന്ന സഹായ -സഹകരണങ്ങള്‍ക്കും നേതൃത്വത്തിനും പ്രത്യേക നന്ദി അറിയിച്ചു. ഈ യാത്രയയപ്പ് യോഗത്തില്‍ സംബന്ധിക്കുന്ന കൈസ്ഥാന സമിതി അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍, അതിഥികളായി കടന്നുവന്നവര്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ സ്ഥാനംമാറിപ്പോകുന്ന അച്ചനും കൊച്ചമ്മയ്ക്കും, ഈ യോഗത്തിന്റെ അനുഗ്രഹത്തിനായി മധുര ഗാനങ്ങള്‍ ആലപിച്ച ക്വയര്‍ അംഗങ്ങള്‍, കടന്നുവന്ന ഏവര്‍ക്കും നന്ദി അറിയിച്ചു.

സമീപ ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന അച്ചനും കുടുംബത്തിനും സര്‍വ്വ മംഗളങ്ങളും നേര്‍ന്നുകൊണ്ട് ചര്‍ച്ച് ക്വയര്‍ ഗാനം ആലപിച്ചു. റവ. സോണി ഫിലിപ്പ് അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം നടന്ന സ്‌നേഹവിരുന്നോടെ വികാരനിര്‍ഭരമായ ഒരു യാത്രയയപ്പിനു തിരശീല വീണു. സി.എസ് ചാക്കോ (സെക്രട്ടറി) അറിയിച്ചതാണിത്.