റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.

07;55 am 11/5/2017

വാഷിംഗ്ടൺ: റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അതിർത്തി തർക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇരു നേതാക്കളും തമ്മിൽ പ്രധാനമായും ചർച്ച ചെയ്തത്. സിറിയൻ വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

സിറിയൻ പ്രശ്നത്തിൽ ബാഷർ അൽ അസാദിന്‍റെ നിലപാടുകൾ റഷ്യ തിരിച്ചറിയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു അപ്പോൾ മാത്രമേ ഈ പ്രശ്നം രമ്യമായി പരിഹരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് തങ്ങൾ ചർച്ച ചെയ്തെന്നും ചർച്ച ഫലപ്രദമാണെന്നും സെർജി ലവോർവും പറഞ്ഞു. നേരത്തെ, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായും ലവോർവ് ചർച്ച നടത്തിയിരുന്നു.

ആർട്ടിക് മേഖലയിലെ മന്ത്രിതല ചർച്ചകളിൽ പങ്കെടുക്കുന്നതിനായാണ് ലവോർവ് അമേരിക്കയിൽ എത്തിയിട്ടുള്ളത്. നേരത്തെ സിറിയൻ വിഷയത്തിലടക്കം ലവോർവിന്‍റെ നിലപാടുകൾ അമേരിക്ക പാടെ തള്ളിയിരുന്നു. സിറിയൻ പ്രശ്നത്തിൽ ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമേരിക്ക സിറിയക്കെതിരായ നിലപാടുകൾ അവസാനിപ്പിക്കണമെന്നുൾപ്പെടെയുള്ള ലവോർ‌വിന്‍റെ പ്രസ്താവനകൾ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.