റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല

12.23 AM 25-07-2016
1043415115
റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല. ഞായറാഴ്ച ചേര്‍ന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒളിമ്പിക് കമ്മിറ്റി തള്ളി. മറ്റിനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ അത്‌ലറ്റുകള്‍ക്കു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവര്‍ക്ക്് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഐഒസി വിധിച്ചു.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 68 റഷ്യന്‍ അത്‌ലറ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്കപരിഹാര കോടതി തള്ളിയിരുന്നു. അധികൃതരുടെ ഒത്താശയോടെ താരങ്ങള്‍ വ്യാപക മരുന്നടി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണു റഷ്യയുടെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണത്. താരങ്ങള്‍ വ്യാപകമായി മരുന്നടിച്ചെന്ന ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണു രാജ്യാന്തര മത്സരങ്ങളില്‍നിന്നു ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ ഫെഡറേഷന്‍ വിലക്കിയത്. നവംബര്‍ വരെയാണു വിലക്ക്. ഇതോടെ റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്ഥിതി സംജാതമായിരുന്നു.
നിലവില്‍, 68 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ അടക്കം 387 പേരുടെ പട്ടികയാണ് ഒളിമ്പിക്‌സിനായി റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തമാസം അഞ്ചിനാണു ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.