റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിനു നേരെ ബോംബാക്രമണം

01:22 pm 18/10/2016

പി. പി. ചെറിയാന്‍
unnamed (1)
നോര്‍ത്ത് കരോളിന: ഹാല്‍സ്ബര്‍ഗിലുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫിസിനു നേരെ ഫയര്‍ ബോംബ് വലിച്ചെറിയുകയും ഭീഷിണിപ്പെടുത്തുന്ന വാചകങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്തതായി നോര്‍ത്ത് കാരലൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ ഓഫിസിനകം കാണപ്പെട്ടത്. ജനലിലൂടെയാണ് ബോംബ് വലിച്ചെറിഞ്ഞത്. നാസി റിപ്പബ്ലിക്കന്‍സ് എന്ന വാചകമാണ് ഓഫിസിലും സമീപത്തുളള കെട്ടിടങ്ങളിലും എഴുതിവച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. ജനാധിപത്യത്തിനു നേരെ നടന്ന നഗ്‌നമായ ആക്രമണമാണിതെന്ന് നോര്‍ത്ത് കാരലൈന റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

ഏതു പാര്‍ട്ടിയില്‍പെട്ടവരായാലും ഈ ആക്രമണം അപലപിക്കപ്പെടേണ്ടതാണെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അക്രമണത്തിന് ഉത്തരവാദികളായവരെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഈ പൊതു തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കാരലൈന സംസ്ഥാനത്തിനു നിര്‍ണ്ണായക സ്ഥാനമാണുളളത്. ഹില്‍സ്ബറൊ മേയര്‍ ടോം സ്റ്റീവന്‍സണ്‍ ബോംബാക്രമണത്തെ നിശിതഭാഷയില്‍ വിമര്‍ശിച്ചു.