റൂബി ജൂബിലിയുടെ നിറവില്‍ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്

09:56 AM 20/10/2016

– ജോജോ കോട്ടൂര്‍

Newsimg1_86403557
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ മാര്‍ത്തോമാ സമൂഹത്തിന്റെ ആദ്യത്തെ പള്ളിയായ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക ഈ ഒക്‌ടോബറില്‍ നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍, പ്രവാസ ഭൂമിയില്‍ ആരാധനയുടെ തനിമയും മഹത്വവും നിലനിര്‍ത്തുവാന്‍ തങ്ങളെ സജ്ജരും പ്രാപ്തരുമാക്കിയ ദൈവത്തിന്റേയും അജപാലന നേതൃത്വത്തിന്റേയും മുന്നില്‍ കൃതജ്ഞതാനിര്‍ഭരരായി വിശ്വാസിസമൂഹം.

ദൈവപരിപാലനയില്‍ 1976 ഒക്‌ടോബര്‍ ഒന്നിനു റവ. കെ.എസ് മാത്യുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷന്‍ 1983-ല്‍ പാരീഷ് പദവിയിലേക്കു ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ അഞ്ച് ഇടവകകളിലായി അഞ്ച് മുഴുവന്‍സമയ വൈദീകരുടേയും ഒരു യൂത്ത് ചാപ്ലെയിന്റേയും നേതൃത്വത്തില്‍ ആയിരത്തില്‍പ്പരം കുടുംബങ്ങള്‍ ക്രൈസ്തവ സ്‌നേഹത്തിന്റെ മാതൃകയായി ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലും സഭാജീവിതത്തില്‍ സജീവപങ്കാളികളാകുന്നു. ദിവംഗതനായ റവ. എം.സി. ജോര്‍ജ് അച്ചന്റെ ദീര്‍ഘവീക്ഷണത്തില്‍ 1989-ല്‍ സ്വന്തമായി ദേവാലയം വാങ്ങുവാന്‍ ഇടവക സമൂഹത്തിനു സാധിച്ചു.

പിന്നീട് ഫോര്‍ട്ട് വാഷിംഗ്ടണില്‍ കൂടുതല്‍ വിസ്തൃതവും മനോഹരവുമായ നിലവിലുള്ള ദേവാലയം റവ. ഫിലിപ്പ് ജോര്‍ജ് അച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി. ഇപ്പോഴത്തെ വികാരി റവ. റെജി തോമസ് അച്ചന്റെ നേതൃത്വത്തില്‍ സണ്ണി ഏബ്രഹാം (വൈസ് പ്രസിഡന്റ്), വിന്‍ രാജന്‍ (Wynn Rajan) സെക്രട്ടറി, ജോര്‍ജ് മാത്യു (ട്രസ്റ്റി), ഷൈനി മാത്യു (അക്കൗണ്ടന്റ്) എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

ഒക്‌ടോബര്‍ 23-നു ഞായറാഴ്ച ആരാധനയ്ക്കുശേഷം ചേരുന്ന സമ്മേളനത്തില്‍ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് എണ്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കുകയും ചെയ്യും.