ലക്ഷങ്ങള്‍ മിനായിലേക്ക്; ഹജ്ജ് ചടങ്ങുകള്‍ക്ക് നാളെ തുടക്കം

09:00 AM 09/09/2016
images (2)
മക്ക: ഒരായുസ്സിന്‍െറ മുഴുവന്‍ പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടുന്നതിന് അല്ലാഹുവിന്‍െറ അതിഥികളായത്തെി വിശുദ്ധ ഹജ്ജിനായി കാത്തിരിക്കുന്നവരുടെ പവിത്ര ദിനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. മക്കയുടെ എല്ലാ വഴികളും മിനാ എന്ന കൂടാരങ്ങളുടെ നഗരിയിലേക്ക് തുറക്കപ്പെടുന്ന തീര്‍ഥാടകസഞ്ചയം വെള്ളിയാഴ്ച തുടങ്ങും. അറഫ സംഗമത്തോടെ തുടങ്ങുന്ന ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്ക് മനസ്സും ശരീരവും പാകപ്പെടുത്തുന്ന ദിനം (യൗമുത്തര്‍വിയ) ദുല്‍ഹജ്ജ് എട്ട് ആയ ശനിയാഴ്ചയാണ്. ഞായറാഴ്ചയാണ് ലക്ഷങ്ങള്‍ സമ്മേളിക്കുന്ന അറഫാസംഗമം. ഇനിയുള്ള അഞ്ചു വിശിഷ്ട നാളുകള്‍ തീര്‍ഥാടകരുടെ ശ്വാസനിശ്വാസങ്ങള്‍ മിനായിലെ കൊച്ചു തമ്പുകള്‍ക്ക് ചുറ്റുമായിരിക്കും. അറഫാസംഗമത്തിന് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങളില്‍ മിനായിലാണ് രാപ്പാര്‍ക്കുക. വ്യാഴാഴ്ച രാത്രി വരെ മക്കയിലത്തെിയ ഹാജിമാരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. ഹാജിമാരുടെ വരവ് വെള്ളിയാഴ്ചകൂടി തുടരും.
ആഭ്യന്തര തീര്‍ഥാടകര്‍ ശനിയാഴ്ചയോടെ മിനായിലത്തെും. അറഫയില്‍ കടുത്ത ചൂടില്‍ നടക്കുന്ന സംഗമത്തില്‍ ആശ്വാസമായി 120000 ചതുരശ്ര മീറ്ററില്‍ 18000 കൂടാരങ്ങള്‍ വേറെയുമുണ്ട്. മിനായിലെ തമ്പുകളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കി. 10000ലധികം പുതിയ എയര്‍കണ്ടീഷനിങ് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂളറുകള്‍ മാറ്റി പുതിയത് പിടിപ്പിച്ചു. നടവഴികളില്‍ വെള്ളം തളിക്കുന്ന ഫാനുകളുമുണ്ട്. ഉദ്യോഗസ്ഥ സംഘം മിനാ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

മിനായിലേക്കുള്ള തീര്‍ഥാടകരുടെ പ്രയാണം ശനിയാഴ്ച രാവിലെയാണ് തുടങ്ങേണ്ടതെങ്കിലും തിരക്കൊഴിവാക്കാന്‍ ഇന്ത്യന്‍ ഹാജിമാരുള്‍പ്പെടെയുള്ളവര്‍ വ്യാഴാഴ്ച മഗ്രിബ് നമസ്കാര ശേഷം തന്നെ മിനായിലേക്ക് നീങ്ങിത്തുടങ്ങി. ശനിയാഴ്ച രാവിലെ മുഴുവന്‍ ഹാജിമാരെയും തമ്പിലത്തെിക്കാനാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ശ്രമിക്കുന്നത്. നടക്കാനാവാതെ രോഗാവസ്ഥയില്‍ കഴിയുന്ന ഹാജിമാരെ നേരിട്ട് അറഫയിലത്തെിക്കും. ഇന്ത്യയില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി 99904 ഹാജിമാരാണ് എത്തിയത്. സ്വകാര്യഗ്രൂപ് വഴി 36000 പേര്‍ക്കാണ് ഹജ്ജിന് അനുമതി ലഭിച്ചത്.