ലയണ്‍സ്‌ന് ജയം.

09:01am 28/4/2016
download (1)
ന്യൂഡല്‍ഹി: അടിയും തിരിച്ചടിയും കണ്ട മത്സരത്തില്‍ അവസാന പന്തില്‍ ഗുജറാത്ത് ലയണ്‍സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ഒരു റണ്‍സ് ജയം.
ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെവിള്‍സ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ക്രിസ് മോറിസിന്റെ ബാറ്റിലൂടെ തിരിച്ചടിച്ചെങ്കിലും ഒരു റണ്‍ അകലെ വിജയം കൈവിട്ടു.
നാലിന് 57 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ 32 പന്തില്‍ നിന്ന് എട്ടു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 82 റണ്‍സ് നേടി മോറിസാണ് വിജയത്തിനരികെ എത്തിച്ചത്.
അഞ്ചാം വിക്കറ്റില്‍ ജീന്‍ പോള്‍ ഡുമിനിക്കൊപ്പം(48) മോറിസ് കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് കളി ആവേശകരമാക്കിയത്. അവസാന രണ്ടോവറില്‍ 18 റണ്‍സായിരുന്നു ഡല്‍ഹിക്കു വേണ്ടിയിരുന്നത്. എന്നാല്‍ 19ാം ഓവറില്‍ വെറും നാലു റണ്‍സ് മാത്രം വഴങ്ങിയ പ്രവീണ്‍ കുമാര്‍ മത്സരം ലയണ്‍സിന് അനുകൂലമാക്കി. അവസാന ഓവറില്‍ 12 റണ്‍സ് മാത്രമേ ഡല്‍ഹിക്കു നേടാനായുള്ളു.
നേരത്തെ ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്ത് (30 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 53), ബ്രണ്ടന്‍ മക്കല്ലം (36 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 60) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ലയണ്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 10 ഓവറില്‍ 112 റണ്‍സാണ് നേടിയത്. എന്നാല്‍ അടുത്തടുത്ത ഓവറില്‍ ഇരുവരും പുറത്തായതോടെ ലയണ്‍സ് ബാറ്റിങ് നിര തകര്‍ന്നു.