ലസ്ബിയന്‍ ദമ്പതിമാരെ പാസ്റ്റര്‍മാരായി നിയമിച്ച ദേവാലയം സാത്താന്റെ ഭവനമെന്ന് പ്രതിഷേധക്കാര്‍

06:40 pm 28/1/2017
– പി.പി. ചെറിയാന്‍
Newsimg1_2858522
വാഷിംഗ്ടണ്‍: ചരിത്രപ്രാധാന്യമുള്ള വാഷിംഗ്ടണ്‍ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ലസ്ബിയന്‍ ദമ്പതിമാരായ പാസ്റ്റര്‍മാരെ നിയമിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്.

ഈ മാസം ആദ്യമാണ് ലസ്ബിയന്‍ ദമ്പതിമാരായ സാലി സാറാട്ട്, മറിയ സ്വയറിംഗ് ന്‍ എന്നിവരെ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരായി നിയമിച്ചത്.
2014 നവംബറില്‍ സൗത്ത് കരോളിനായില്‍ സ്വവര്‍ഗ്ഗവിവാഹം നിയമ വിധേയമാക്കിയ വാരന്ത്യമാണ് ഇരുവരും വിവാഹിതരായത്. 2015 നവംബര്‍ 15ന് ഗ്രീന്‍വില്ല ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് ഇവര്‍ക്ക് പട്ടത്വവും ലഭിച്ചു.

സീനിയര്‍ പട്ടക്കാരായി നിയമിതരായതിനുശേഷം കഴിഞ്ഞ വാരാന്ത്യം നടന്ന സര്‍വീസിനിടയിലേക്കാണ് സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി തള്ളികയറിയത്. ലസ്ബിയന്‍ ദമ്പതിമാര്‍ പാസ്റ്റര്‍മാരായ ഈ ദേവാലയം ഇപ്പോള്‍ സാത്താന്റെ ഭവനമായി മാറിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആക്രോശിച്ചു. പോലീസിനെ വിളിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
ചര്‍ച്ചിന്റെ തീരുമാനത്തില്‍ പ്രതിഷേധം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന നിരവധി സഭാംഗങ്ങള്‍ ഇവരുടെ പ്രതിഷേധ പ്രകടനത്തോടെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. 155 വര്‍ഷം പഴക്കമുള്ള കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഇതിനുമുമ്പും വിവാദപരമായ നിരവധി തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു.