ഒരു ലക്ഷം ഡോളര്‍ ടോള്‍ കുടിശ്ശിഖ വരുത്തിയ ആള്‍ അറസ്റ്റില്‍

06:39 pm 28/1/2017

– പി.പി. ചെറിയാന്‍
Newsimg1_76945678
ന്യൂയോര്‍ക്ക്: ടോള്‍ നല്‍കാതെ കുടിശ്ശിഖ വരുത്തിയ സ്റ്റാറ്റിന്‍ ഐലന്റില്‍ നിന്നുള്ള അല്‍ഫോണ്‍സൊ ഓര്‍ഡിയെ(42) പോലീസ് അറസ്റ്റു ചെയ്തു.

ജനു.26 വ്യാഴാഴ്ച ന്യൂജേഴ്‌സി ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിന് സമീപമാണ് ഇയാള്‍ പിടിയിലായത്. മുന്‍വശത്തെ ലൈസെന്‍സ് പ്ലേറ്റോ, ടോള്‍ ടാഗോ ഇല്ലാതെ പാലത്തിലൂടെ വാഹനം ഓടിച്ചു പോയ അല്‍ഫോണ്‍സിനെ പോര്‍ട്ട് അതോറിട്ടി പോലീസ് ഓഫീസര്‍ ലയണല്‍ ഗൊണ്‍സാലോസാണ് പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ റിക്കാര്‍ഡ് പരിശോധനയില്‍ ടോള്‍ നല്‍കാതെ 1564 തവണ ഇയാള്‍ വാഹനം ഓടിച്ചതായും, 108,200 ഡോളര്‍ കുടിശ്ശിഖ വരുത്തിയതായും കണ്ടെത്തി.
പോലീസ് അറസ്റ്റു ചെയ്ത അല്‍ഫോണ്‍സിനെ കളവ്, വാഹന നിയമലംഘനം എന്നീ വകുപ്പുകളനുസരിച്ചു കേസ്സെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ ടോള്‍ നല്‍കുവാന്‍ തയ്യാറാണെന്ന് അല്‍ഫോണ്‍സ് പോലീസിനെ അറിയിച്ചു.

കൃത്യസമയത്തു ടോള്‍ അടച്ചില്ലെങ്കില്‍ വന്‍പിഴയാണ് അധികൃതര്‍ ഈടാക്കുക. ടോളിനേക്കാള്‍ കൂടുതല്‍ പിഴയായിരിക്കും നല്‍കേണ്ടിവരുന്നത്.