ലാസ്‌വേഗസില്‍ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

04:51 pm 15/9/2016

Newsimg1_33858590
ലാസ്‌വേഗസ്: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈവര്‍ഷത്തെ, പരിശുദ്ധ ദൈവമാതവിന്റെ ജനന പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ദൈവമാതാവിന്റെ നാമത്തില്‍ 2006-ല്‍ സ്ഥാപിതമായ ഇടവകയുടെ പത്താമത്തെ പെരുന്നാള്‍ ആഘോഷമാണ് കൊണ്ടാടിയത്. സെപ്റ്റംപര്‍ പത്താംതീയതി ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു.

ലോസ്ആഞ്ചലസ് ഓര്‍ത്തഡോക്‌സ് ഇടവകയുടേയും, ലാസ്‌വേഗസ് ഇടവകയുടേയും വികാരിയായ യോഹന്നാന്‍ പണിക്കര്‍ അച്ചന്‍ പെരുന്നാളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതമൂലം സകല വിശ്വാസികള്‍ക്കും അനുഗ്രഹങ്ങളും നന്മകളും സ്വര്‍ഗ്ഗത്തില്‍ നിന്ന് ദാനമായി ലഭിക്കട്ടെ എന്ന് പണിക്കര്‍ അച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ദൈവത്തിന്റേയും മനുഷ്യവര്‍ഗ്ഗത്തിന്റേയും ഇടയില്‍ ഒന്നാമതായുള്ള മദ്ധ്യസ്ഥത എന്നത് പരിശുദ്ധ കന്യകാ മറിയത്തിനാണ്. പരിശുദ്ധ ദൈവമാതാവിലുള്ള അചഞ്ചലമായ വിശ്വാസം ആണ് ക്രൈസ്തവ സഭയുടെ വിശ്വാസപൂര്‍ത്തീകരണം എന്നു റവ.ഫാ. റോയ് തന്റെ മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് ഭാരത സംസ്കാരത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ വിളക്കുകള്‍ പുതിയ തലമുറയെ ഏല്‍പിക്കുവാനും അവര്‍ അതു മുന്നോട്ടു കൊണ്ടുപോകുന്നത് ഉറപ്പുവരുത്തുവാനും ഇടവകാംഗങ്ങള്‍ക്ക് പ്രത്യേക ദൗത്യമുണ്ടെന്നു വെള്ളിയാഴ്ച നടന്ന പ്രത്യേക കുടുംബയോഗത്തില്‍ വികാരി അച്ചന്‍ എല്ലാ ഇടവകാംഗങ്ങളേയും ഓര്‍മ്മിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യത്തിലുള്ള ഭക്തിനിര്‍ഭരമായ റാസയില്‍ കുരിശ്, കൊടികള്‍, മുത്തുക്കുടകള്‍ എന്നിവ വഹിച്ചുകൊണ്ട് പരിശുദ്ധ മാതാവിന്റെ സ്തുതിഗീതങ്ങളുമായി ആബാലവൃദ്ധം വിശ്വാസികളും പങ്കെടുത്തു. അതിനുശേഷം ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, വാഴ്‌വും നടത്തി. പെരുന്നാളില്‍ സംബന്ധിക്കുവാന്‍ മറ്റു സഹോദരസഭകളിലെ ധാരാളം വിശ്വാസികള്‍ എത്തിയിരുന്നു.

പെരുന്നാളില്‍ സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും ഇടവക സെക്രട്ടറി ജോണ്‍ ചെറിയാന്‍ പ്രത്യേക നന്ദി അറിയിച്ചു. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ദീനാ ജോണ്‍, വത്സ കര്‍മാര്‍ക്കര്‍, ഷീബാ സജി, ജീനി ഗിരീഷ്, സൗമ്യ ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഗായകസംഘം സ്തുതിഗീതങ്ങള്‍ ആലപിച്ചു.അതിനുശേഷം നടന്ന സ്‌നേഹവിരുന്നിന് ജന്‍സി മാത്യു, വത്സ കര്‍മാര്‍ക്കര്‍, ത്രേ്യസ്യാമ്മ ബാബു, ലിജിമോള്‍, ദീപാ ജോണ്‍, ജാസ്മിന്‍ ജേക്കബ്, ഗ്രേയ്‌സമ്മ ജോണ്‍, ജിയോ ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടവക ട്രസ്റ്റി വില്ലി ജോണ്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ബാബു ചാക്കോ, മാത്യു ഏബ്രഹാം, സജി വര്‍ഗീസ്, ഗിരീഷ് ജോണ്‍ പുത്തന്‍പുരയില്‍, ബിജു കല്ലുപുരയ്ക്കല്‍, ബൈജു ചെറിയാന്‍, ജേക്കബ് കൊങ്ങിണിപറമ്പില്‍ തുടങ്ങിയവര്‍ പെരുന്നാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ നേതൃത്വം നല്‍കി. ഇടവക ട്രസ്റ്റി വില്ലി ജോണ്‍ ജേക്കബ് അറിയിച്ചതാണിത്.