ലിബിയയില്‍നിന്നുള്ള യാത്രാവിമാനം റാഞ്ചികള്‍ തട്ടിയെടുത്ത് മാള്‍ട്ടയിലിറക്കി.

08:08 am 24/12/2016
images
ലറ്റ (മാള്‍ട്ട): ലിബിയയില്‍നിന്നുള്ള യാത്രാവിമാനം റാഞ്ചികള്‍ തട്ടിയെടുത്ത് മാള്‍ട്ടയിലിറക്കി. 118 യാത്രക്കാരുമായി ലിബിയയില്‍ ആഭ്യന്തര സര്‍വിസ് നടത്തുകയായിരുന്ന എയര്‍ബസ് എ 320 വിമാനമാണ് രണ്ടു പേര്‍ ചേര്‍ന്ന് റാഞ്ചിയത്. മണിക്കൂറുകള്‍ നീണ്ട അനുരഞ്ജനശ്രമങ്ങള്‍ക്കുശേഷം യാത്രക്കാരെ റാഞ്ചികള്‍ മോചിപ്പിച്ചു. റാഞ്ചികള്‍ മുഴുവന്‍ കീഴടങ്ങിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്.
28 സ്ത്രീകളും ഒരു കുട്ടിയും അടക്കം 111 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലിബിയയിലെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയെ അനുകൂലിക്കുന്നവരാണ് റാഞ്ചികള്‍ എന്നാണ് റിപ്പോര്‍ട്ട്. ഖദ്ദാഫി അനുകൂലികളുടെ പാര്‍ട്ടി രൂപവത്കരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ദക്ഷിണ ലിബിയയിലെ സബ നഗരത്തിലെ തംഹന്ത് വിമാനത്താവളത്തില്‍നിന്ന് തലസ്ഥാനവും വടക്കന്‍ തീരനഗരവുമായ ട്രിപളിയിലെ മഅ്തീഖ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ദേശീയ വിമാനക്കമ്പനികളിലൊന്നായ അഫ്രിഖിയ്യ എയര്‍വേസിന്‍െറ വിമാനമാണ് റാഞ്ചികള്‍ തട്ടിയെടുത്തത്. ട്രിപളിയില്‍നിന്ന് 355 കി.മീ. വടക്ക് മധ്യധരണ്യാഴിയിലുള്ള മാള്‍ട്ട തലസ്ഥാനമായ വലറ്റയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് റാഞ്ചികള്‍ വിമാനമിറക്കിയത്.

ലിബിയന്‍ വിമാനം റാഞ്ചികള്‍ വലറ്റയിലിറക്കിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ആണ് ട്വിറ്റര്‍ വഴി അറിയിച്ചത്. ഇന്ത്യന്‍സമയം വൈകീട്ട് 4.02ന് (പ്രാദേശിക സമയം രാവിലെ 11.32) മാള്‍ട്ടയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ രണ്ടു റാഞ്ചികളാണുള്ളതെന്നും അവരുടെ കൈവശം ഗ്രനേഡുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാന്‍ഡ് ചെയ്തയുടന്‍ മാള്‍ട്ട നാഷനല്‍ സെക്യൂരിറ്റി വിഭാഗം വിമാനം വളഞ്ഞു. ലിബിയന്‍ പ്രധാനമന്ത്രി ഫാഇസ് സിറാജുമായി നടത്തിയ സംഭാഷണത്തിനുശേഷം റാഞ്ചികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യാത്രക്കാരെ പടിപടിയായി വിട്ടയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രിപളിയിലെ വിമാനത്താവളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിമാനം റാഞ്ചിയതായി പൈലറ്റിന്‍െറ സന്ദേശം ലഭിക്കുന്നതെന്ന് ലിബിയന്‍ സുരക്ഷാവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇക്കാര്യം കണ്‍ട്രോള്‍ ടവറില്‍ അറിയിച്ചതിനു പിന്നാലെ പൈലറ്റുമായുള്ള ആശയവിനിമയം നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. പൈലറ്റ് ഏറെ ശ്രമിച്ചിട്ടും വിമാനം ട്രിപളിയിലിറക്കാന്‍ അനുവദിക്കാതെ റാഞ്ചികള്‍ മാള്‍ട്ടയിലേക്ക് പറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

മധ്യധരണ്യാഴിയില്‍ ലിബിയക്കും തുനീഷ്യക്കും വടക്കായും ഇറ്റലിക്കും സിസിലിക്കും തെക്കായും സ്ഥിതിചെയ്യുന്ന മാള്‍ട്ട മുമ്പും വിമാനറാഞ്ചികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായിരുന്നു. 1985ല്‍ ആതന്‍സില്‍നിന്ന് കൈറോയിലേക്കുള്ള ഈജിപ്ത് എയര്‍ വിമാനം മോചിപ്പിക്കാനുള്ള ഈജിപ്ഷ്യന്‍ കമാന്‍ഡോകളുടെ ശ്രമം പാളി ഏറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ് 1973ല്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് ടോക്യോയിലേക്കുള്ള യാത്രാമധ്യേ ഇറാഖി വ്യോമാതിര്‍ത്തിയില്‍വെച്ച് റാഞ്ചിയ കെ.എല്‍.എം വിമാനത്തിലെ 255 യാത്രക്കാരെയും മാള്‍ട്ട പ്രധാനമന്ത്രി ഡോം മിന്‍േറാഫ് വിജയകരമായ ചര്‍ച്ചയിലൂടെ മോചിപ്പിച്ചിരുന്നു.