ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം

01.02 PM 11/11/2016
messi_neymer_1111
ബെലോ ഹൊറിസോണ്ടെ: ഫുട്ബോൾ ലോകത്തെ പരമ്പരാഗത വൈരികളായ ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം. മൂന്നു ഗോളിനായിരുന്നു അർജന്റീനയെ ബ്രസീൽ തകർത്തത്. ആദ്യ പകുതിയിൽതന്നെ ആതിഥേയർ വിജയം മണത്തിരുന്നു. ഇരുപത്തിയഞ്ചാം മിനിറ്റിൽ കുടിന്യോയും ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ സൂപ്പർതാരം നെയ്മറുമാണ് ഗോളുകൾ നേടിയത്.

രണ്ടാം പകുതിയിൽ അമ്പത്തിയൊമ്പതാം മിനിറ്റിൽ പൗലിന്യോയിലൂടെ ബ്രസീൽ മൂന്നാം ഗോളും നേടി അർജന്റീനയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ചു. ഈ തോൽവിയോടെ റഷ്യയിലെ ഫൈനൽ റൗണ്ടിലേയ്ക്കുള്ള അർജന്റീനയുടെ യാത്ര അപകടത്തിലായിരിക്കുകയാണ്. സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ രണ്ടു താരങ്ങൾ മെസിയും നെയ്മറും നേർക്കുനേർ വന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.

ബ്രസീലിന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി പിണഞ്ഞ ബെലോ ഹൊറിസോണ്ടെയിലെ അത്ലറ്റിക്കോ മിനെയ്റോ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ജർമനിക്കെതിരേ ഈ സ്റ്റേഡിയത്തിൽ ബ്രസീൽ 1–7നു നാണം കെട്ടിരുന്നു. അതിനാൽതന്നെ ബ്രസീലിന് ഈ വിജയം വിജയം അനിവാര്യമായിരുന്നു.