ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ആക്രമിക്കാനുള്ള ഐഎസ് പദ്ധതി തകർത്തു

02.21 AM 31/10/2016
saudi_3010
ജിദ്ദ: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തതായി സൗദി അറേബ്യ. ഒക്ടോബർ 11ന് നടന്ന സൗദി അറേബ്യ–യുഎഇ മത്സരത്തിനിടെ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിട്ടത്. ഐഎസിന്റെ രണ്ടു സെല്ലുകളാണ് ആക്രമണത്തിനു പദ്ധതി തയാറാക്കിയത്.

മത്സരം നടക്കുന്ന ജിദ്ദയിലെ അൽ ജവ്ഹറ സ്റ്റേഡിയത്തിനു പുറത്ത് കാർ ബോംബ് സ്‌ഥാപിക്കാനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിൽ രണ്ടു സെല്ലുകളിലെ നാലു പേരെ വീതം അറസ്റ്റ് ചെയ്തതോടെ പദ്ധതി തകർക്കാൻ സുരക്ഷാ വിഭാഗത്തിനു സാധിച്ചു. പാക്കിസ്‌ഥാൻ, സിറിയ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഭീകര സംഘത്തിലുണ്ടായിരുന്നത്. സിറിയയിലെ ഐഎസ് നേതാവിൽനിന്നായിരുന്നു ഭീകരർക്കു നിർദേശങ്ങൾ ലഭിച്ചിരുന്നതെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു വിവരം ലഭിച്ചു.

സെല്ലുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു സൗദി സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ സംഘത്തെ കുറിച്ചും ഭീകരരുടെ മറ്റു പദ്ധതികളെ കുറിച്ചും സൗദി ആഭ്യന്തര മന്ത്രാലയം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.